kerala new
ഹെല്‍മെറ്റില്ലാത്ത യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി; ട്രാഫിക് നിയമ ലംഘകരെ പിടിക്കാന്‍ നവീന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 20, 11:28 am
Wednesday, 20th November 2019, 4:58 pm

കൊച്ചി: ഹെല്‍മെറ്റില്ലാത്ത യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം.
ട്രാഫിക് നിയമ ലംഘകരെ പിടിക്കാന്‍ പോലീസ് നവീന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും റോഡിനു നടുവില്‍ നിന്ന് ഹെല്‍മെറ്റ് ഇല്ലാത്തവരെ പിടിക്കാനോ പിന്തുടരാനോ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.

ഇതു സംബന്ധിച്ച 2012 ലെ ഡി.ജി.പിയുടെ സര്‍ക്കുലര്‍ പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട മലപ്പുറം സ്വദേശിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് വേഗത്തില്‍ നടപ്പാക്കുമെന്ന് നേരത്തെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവിന്റെ പേരില്‍ ജനങ്ങളെ വേട്ടയാടില്ലെന്നും എന്നാല്‍ ഉത്തരവ് വേഗം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബോധവത്കരണത്തിലൂടെ നിയമം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും ലംഘിക്കുന്നവര്‍ക്ക് നല്‍കേണ്ട പിഴ ശിക്ഷയുടെ കാര്യം കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നിനകം പുതിയ ഉത്തരവ് നടപ്പിലാക്കാമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കേന്ദ്രനിയമത്തിന് അനുസൃതമായി ഉടന്‍ സര്‍ക്കുലര്‍ ഇറക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരെ നല്‍കിയിരുന്ന അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.