| Wednesday, 23rd August 2017, 5:38 pm

ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി വിധി കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് ഊര്‍ജ്ജം പകരുമെന്ന് പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധി കേരളത്തിന്റെ വികസന പദ്ധതികള്‍ കൂടുതല്‍ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകന്‍ ഊര്‍ജ്ജം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി വിധിയ്ക്കു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പിണറായിയുടെ പ്രതികരണം.

ലാവലിന്‍ കേസില്‍ ഹൈക്കോടതിയുടെ വിധി സന്തോഷം പകരുന്നതാണ്. കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്ന സി.പി.ഐ.എം നിലപാടാണ് വസ്തുതകള്‍ പരിശോധിച്ച ഹൈക്കോടതി എത്തിയ തീര്‍പ്പിലൂടെ ശരിവെക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിനെതിരായ കടന്നാക്രമണത്തിനുള്ള ആയുധമായാണ് ലാവലിന്‍ കേസ് ഉപയോഗിച്ചതെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലും പിണറായി വിജയന്‍ ആവര്‍ത്തിച്ചു.

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുക, മലബാര്‍ മേഖലയില്‍ അര്‍ബുദരോഗ ചികിത്സയ്ക്കുള്ള മികച്ച ആശുപത്രി സ്ഥാപിക്കുക – ഈ രണ്ടു ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിച്ചത്. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണെന്ന് സി.പി.ഐ.എം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കേസ് വിചാരണയ്ക്ക് യോഗ്യമല്ല എന്നായിരുന്നു അത് ആദ്യം പരിശോധിച്ച സി.ബി.ഐ കോടതി കണ്ടെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കേസിന്റെയും രാഷ്ടീയ കുപ്രചരണങ്ങളുടെയും ഘട്ടത്തിലാകെ യാഥാര്‍ഥ്യം മനസ്സിലാക്കി കൂടെ നില്‍ക്കുകയും പിന്തുണ നല്‍കുകയും ചെയ്ത എല്ലാവരെയും നന്ദി അറിയിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു. ഈ കേസില്‍ തുടക്കം മുതല്‍ അഡ്വ. എം കെ ദാമോദരന്‍ കൂടെയുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യം ഈ വിധി വന്ന വേളയില്‍ ഇല്ല എന്നത് വേദനാജനകമാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിച്ചു.


Also Read:  ‘മനുഷ്യശരീരം തിന്ന് എനിയ്ക്ക് മടുത്തു’; കുറ്റസമ്മതവുമായി യുവാവ് കീഴടങ്ങി


ലാവ്ലിന്‍ കേസില്‍ സി.ബി.ഐ പ്രത്യേക കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. ലാവ്‌ലിന്‍ കേസില്‍ പിണറായി പ്രതിയല്ലെന്നും വിചാരണ നേരിടേണ്ടത് കെ.എസ്.ഇ.ബി ചെയര്‍മാനും ഉദ്യോഗസ്ഥരുമാണെന്നും ജസ്റ്റിസ് ഉബൈദ് പ്രസ്താവിച്ചു.

ലാവലിന്‍ കരാര്‍ വന്‍കരാറായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. അഞ്ച് മാസം മുമ്പ് വാദം പൂര്‍ത്തിയായ കേസിലെ വിധിയാണ് ഇന്നു പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പിണറായി പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്ന് പറഞ്ഞ കോടതി കേസിലെ 2,3,4 പ്രതികള്‍ വിചാരണ നേരിടണമെന്നും വ്യക്തമാക്കി.

ഒന്നാം പ്രതിയായ മോഹനചന്ദ്രന്‍, എട്ടാം പ്രതി ഫ്രാന്‍സിസ്, ഒമ്പതാം പ്രതി പിണറായി വിജയന്‍ എന്നിവരെയാണ് കോടതി വിചാരണയില്‍ നിന്ന് ഒഴിവാക്കിയത്. പ്രതികള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ വാദം പൂര്‍ത്തിയായ ശേഷം തനിക്ക് ഊമക്കത്ത് ലഭിച്ചിരുന്നെന്ന് ജസ്റ്റിസ് ഉബൈദ് വിധിപ്രസ്താവം ആരംഭിക്കവേ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more