| Friday, 6th May 2022, 12:50 pm

കെ.എം. ഷാജിയുടെ ഭാര്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു; ഇ.ഡിക്ക് അന്വേഷണം തുടരാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെയുള്ള കേസന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു.

കെ.എം. ഷാജി പ്രതിയായ അഴീക്കാട് പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായായിരുന്നു കെ.എം. ഷാജിയുടെ ഭാര്യ ആശയുടെ സ്വത്തുക്കള്‍ ഏജന്‍സി കണ്ടുകെട്ടിയത്.

ആശയുടെ പേരിലുള്ള മലപ്പുറം വേങ്ങരയിലെ വീടടക്കമുള്ള സ്വത്തുക്കളായിരുന്നു ഇത്തരത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി നേരത്തെ കണ്ടുകെട്ടിയത്.

എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവോടെ ഈ വീട് കണ്ടുകെട്ടിയ നടപടി സ്റ്റേയിലാകും. ഇതോടെ ഇവര്‍ക്ക് വീട് സാധാരണ ഗതിയില്‍ ഉപയോഗിക്കുന്നതിനും ഇനി തടസമുണ്ടാകില്ല.

ഈ നടപടി ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ കെ.എം. ഷാജിക്ക് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്.

ആശയുടെ പേരില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി, നിയമാനുസൃതമായ രീതിയില്‍ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഉത്തരവിട്ടിട്ടുണ്ട്.

2020 ഏപ്രില്‍ കണ്ണൂരിലെ വിജിലന്‍സായിരുന്നു അഴിമതി- കോഴക്കേസില്‍ ഷാജിക്കെതിരെ കേസെടുത്തത്. പിന്നീട് അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം ഉള്‍പ്പെടെയുള്ളതില്‍ ഇ.ഡിയും കേസെടുക്കുകയായിരുന്നു.

ഈ അന്വേഷണത്തിന്റെ ഭാഗമായായിരുന്നു ഷാജിയുടെ ഭാര്യ ആശയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

പ്ലസ് ടുവിന് പുതിയ കോഴ്‌സ് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കെ.എം. ഷാജിക്കെതിരായ കേസ്.

2014ല്‍ യു.ഡി.എഫ് ഭരണകാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. ലീഗിന്റെ പ്രാദേശിക ഓഫീസ് പണിയാന്‍ 25 ലക്ഷം തരാമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ലീഗ് നേതാക്കളെ അറിയിച്ചിരുന്നു.

എന്നാല്‍ ഈ പണം മറ്റാരുമറിയാതെ കെ.എം. ഷാജി കൈക്കലാക്കിയെന്ന് ലീഗിന്റെ പ്രാദേശിക നേതാക്കള്‍ നേതൃത്വത്തിന് കത്തയച്ചിരുന്നു. ഈ കത്ത് തെളിവായി കാണിച്ചാണ് കെ.എം. ഷാജിക്കെതിരെ പരാതി നല്‍കിയത്.

Content Highlight: High Court verdict, that gives Stay order to Enforcement Directorate on locking KM Shaji’s wife’s assets

Latest Stories

We use cookies to give you the best possible experience. Learn more