കൊച്ചി: രണ്ടാം മാറാട് കലാപക്കേസില്‍ കോഴിക്കോട് പ്രത്യേക കോടതി വെറുതെ വിട്ട 24 പേര്‍ക്ക് ജീവപര്യന്തം തടവ്. 76 പേരെയാണ് പ്രത്യേക കോടതി വെറുതെ വിട്ടത്. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി വിധി.[]
രണ്ട് ഹരജികളാണ് ഇന്ന് കോടതി പരിഗണിച്ചത്. ശിക്ഷയ്‌ക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹരജിയും കൂടുതല്‍ പേര്‍ക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജിയും. ഇതില്‍ പ്രതികളുടെ ഹരജി ഹൈക്കോടതി പൂര്‍ണമായി തള്ളി. വിധി നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ ഹരജി ഭാഗികമായി കോടതി അംഗീകരിച്ചു.
ജീവപര്യന്തം ശിക്ഷ വിധിച്ച 14 പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നും 49 പേരുടെ തടവ് ശിക്ഷ 30 വര്‍ഷമായി വര്‍ധിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഭവദാസന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
2003 മെയ് രണ്ടിന് നടന്ന രണ്ടാം മാറാട് കലാപത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. എട്ട് അരയസമാജ പ്രവര്‍ത്തകരും ഒരു മുസ്‌ലീമുമാണ് കൊല്ലപ്പെട്ടത്. കേസില്‍ 139 പേര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കുറ്റപത്രം പരിശോധിച്ച ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരമാണ് മാറാട് കേസിന്റെ വിചാരണയ്ക്കായി കോഴിക്കോട് പ്രത്യേക കോടതി സ്ഥാപിച്ചത്.
കേസിന്റെ വിചാരണ നടപടികള്‍ ഈ കോടതിയിലാണ് നടന്നത്. 2009 ജനുവരി 15 ന് വിചാരണക്കോടി 63 പേര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. 62 പേര്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവുമാണ് വിധിച്ചത്. 76 പേരെ വെറുതേ വിടുകയും ചെയ്തിരുന്നു.