| Friday, 19th September 2014, 12:54 pm

മോഷണക്കുറ്റം ആരോപിച്ച് വീട്ടുജോലിക്കാരിയെ മര്‍ദിച്ച സംഭവം: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: മാല മോഷ്ടിച്ചുവെന്നാരോപിച്ച് യുവതിയെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി നിര്‍ദേശം.

കഴിഞ്ഞ മാസം 23നാണ് സംഭവം. എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന 27കാരിയായ ലീബ എന്ന യുവതിയെയാണ് മാല മോഷ്ടിച്ചുവെന്നാരോപിച്ച് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. യുവതിയുടെ കണ്ണുകളില്‍ മുളക് തേക്കുകയും വടി കൊണ്ട് നട്ടെല്ലിന് അടിക്കുകയും ചെയ്‌തെന്ന് അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ തന്നെ മര്‍ദ്ദിച്ചതായി യുവതി പറയുന്നു. വനിതാ പോലീസിന്റെ അസാന്നിദ്ധ്യത്തിലും മര്‍ദ്ദനം തുടര്‍ന്നു.  അറസ്റ്റ് ചെയ്ത് 34 മണിക്കൂറുകള്‍ക്ക് ശേഷമാണ് യുവതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. തുടര്‍ന്ന് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.

നട്ടെല്ലിന് പരിക്കേറ്റ യുവതി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നട്ടെല്ലിന് സാരമായി പരിക്കുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം ഡോക്ടറുടെ മകന്‍ അപമര്യാദയായി പെരുമാറിയതിനെതിരെ പ്രതികരിച്ചതിനാണ് യുവതിക്കെതിരെ വ്യാജ മോഷണക്കുറ്റം ചുമത്തിയെതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഡോക്ടറുടെ കാറില്‍ യുവതിയെ സ്‌റ്റേഷനിലിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും സമിതി പറയുന്നു.

നാട്ടുകാര്‍ രൂപവത്കരിച്ച സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഐ.ജിക്കും കമ്മീഷ്ണര്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പരാതിയിന്മേല്‍ നടപടിയെടുത്തില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഈ സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐ ഇ.എസ് സാംസണ്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍ സുനിത, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീനി എന്നിവരെ സസ്‌പെന്റ് ചെയ്ത് ആഭ്യന്തരമന്ത്രി ഉത്തരവിട്ടിരുന്നു.

We use cookies to give you the best possible experience. Learn more