വീരപ്പൻവേട്ടയുടെ മറവിലെ ഉദ്യോഗസ്ഥരുടെ കൊടുംക്രൂരത; 215 പേരും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: വീരപ്പൻവേട്ടയുടെ മറവിൽ ആദിവാസി ഗ്രാമത്തിൽ അക്രമവും ബലാത്സംഗവും ഉൾപ്പെടെയുള്ള ക്രൂരകൃത്യങ്ങൾ നടത്തിയ 215 സർക്കാർ ഉദ്യോഗസ്ഥരുടെ ശിക്ഷ ശരിവെച്ച് മദ്രാസ് ഹൈക്കോടതി.
ശിക്ഷിക്കപ്പെട്ടവരിൽ ഐ.എഫ്.എസ് ഉദ്യോഗസ്ഥരും വനം, റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പരാതിയിൽ നടപടിയെടുക്കാതിരുന്ന അന്നത്തെ ജില്ലാ കളക്ടർ, വനം വകുപ്പ് അധികൃതർ, എസ്.പി എന്നിവർക്കെതിരെ കർശന നടപടിയെടുക്കാനും ഹൈക്കോടതി നിർദേശമുണ്ട്.
കേസിൽ ഉൾപ്പെട്ട 269 പേരും കുറ്റം നിഷേഷിച്ചെങ്കിലും വിചാരണ കോടതി 2011ൽ പട്ടികജാതി, പട്ടികവർഗ നിയമപ്രകാരം എല്ലാവർക്കും ശിക്ഷ വിധിച്ചു. 17 പേർ ബലാത്സംഗക്കേസിൽ പ്രതികളാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 54 പ്രതികൾ വിചാരണക്കിടയിൽ മരണപ്പെട്ടെങ്കിലും 215 പേർക്ക് ഒന്നുമുതൽ പത്ത് വർഷം വരെ ജയിൽശിക്ഷ ലഭിച്ചു. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളുകയായിരുന്നു ഹൈക്കോടതി.
1992 ജൂണിൽ വനംകൊള്ളക്കാരനായ വീരപ്പനെ പിടികൂടാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമീണരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. തുടർന്ന് 155 വനം വകുപ്പ് ഉദ്യോഗസ്ഥരും 108 പൊലീസുകാരും ആറ് റവന്യു ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന 269 ഉദ്യോഗസ്ഥർ ധർമപുരി ജില്ലയിലെ വാച്ചാത്തിയിൽ ഗോത്രവിഭാഗത്തിന് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. പുരുഷന്മാരെ മർദിച്ച ഉദ്യോഗസ്ഥർ 18 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കുടിലുകൾ തകർക്കുകയും കന്നുകാലികളെ കൊല്ലുകയും ചെയ്തു. നൂറിലധികം സ്ത്രീകളെയും കുട്ടികളെയും കള്ളക്കേസ് ചുമത്തി മാസങ്ങളോളം ജയിലിൽ അടച്ചു.
ഇരകൾക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും ജോലിയും നൽകണമെന്ന് ജസ്റ്റിസ് പി. വേൽമുരുഗൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. കഴിഞ്ഞ വർഷം ജസ്റ്റിസ് പി. വേൽമുരുഗൻ സംഭവം നടന്ന വാച്ചാതി ഗ്രാമം സന്ദർശിച്ചിരുന്നു.
Content Highlight: High Court Upholds 215 Convictions In 1992 Tamil Nadu Rape, Torture Case