| Thursday, 29th September 2022, 12:18 pm

പി.എഫ്.ഐ ഹര്‍ത്താല്‍: സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ മുഴുവന്‍ ആക്രമണ കേസുകളിലും പ്രതിയാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പി.എഫ്.ഐ ഹര്‍ത്താലിനിടെയുണ്ടായ ആക്രമണത്തില്‍ നടപടിയെടുത്ത് ഹൈക്കോടതി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന എ. അബ്ദുല്‍ സത്താറിനെ മുഴുവന്‍ ആക്രമണ കേസുകളിലും പ്രതിയാക്കും.

ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് ഇദ്ദേഹമാണന്നത് കണ്ടെത്തെിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി. സര്‍ക്കാരിന് ഹൈക്കോടതി ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി.

എല്ലാ മജിസ്‌ട്രേറ്റുകള്‍ക്കും നഷ്ടപരിഹാരം ഇടാക്കാനുള്ള നിര്‍ദേശം ഹൈക്കോടതി നല്‍കും. ഇപ്പോള്‍ പിടിയിലായവര്‍ക്ക് നഷ്ടപരിഹാരത്തുക കെട്ടിവെച്ചാല്‍ മാത്രമേ ജാമ്യം നല്‍കുകയുള്ളു. ഹര്‍ത്താലുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്നും കോടതി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് അബ്ദുല്‍ സത്താറിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കരുനാഗപ്പള്ളി പുതിയകാവിന് സമീപം പോപ്പുലര്‍ ഫ്രണ്ടിന്റെ ദക്ഷിണ മേഖല ഓഫീസില്‍ നിന്നാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അബ്ദുല്‍ സത്താര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തീവ്രവാദ ഫണ്ടിങുമായി ബന്ധമുണ്ടെന്നും, രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്നും ചൂണ്ടിക്കാണിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.

നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് സംഘടനയെ നിരോധിച്ചത്. പി.എഫ്.ഐക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഘടനയെ നിരോധിക്കണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്നുവെന്നും അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലര്‍ ഫ്രണ്ട് മാറി. ക്യാമ്പസ് ഫ്രണ്ട്, എന്‍.സി.എച്ച്.ആര്‍.ഒ, വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ക്കും നിരോധനമുണ്ട്.

CONTENT HIGHLIGHTS:  High Court took action on the attack during the PFI hartal

Latest Stories

We use cookies to give you the best possible experience. Learn more