കൊച്ചി: സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. കേരള വിദ്യാഭ്യാസ ബോര്‍ഡിന്റെ ചട്ടങ്ങളനുസരിച്ച് കളിസ്ഥലങ്ങളില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കൊല്ലം തേവായൂര്‍ ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍.പി സ്‌കൂളിലെ കളിസ്ഥലത്ത് വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
നിയമപ്രകാരമായുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറല്ലെങ്കില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
സ്‌കൂളുകളിലെ കളിസ്ഥലങ്ങളുടെ അളവ് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്നും കോടതി നിര്‍ദേശിച്ചു. കളിസ്ഥലങ്ങളില്‍ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും പ്രസ്തുത സര്‍ക്കുലറില്‍ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങിയാല്‍ എല്ലാ സ്‌കൂളുകളും അത് പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി.
വരുന്ന നാല് മാസത്തിനുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. പഠ്യേതര വിഷയങ്ങളും ഉള്‍പ്പെടുന്നതിനാല്‍ വിദ്യാഭ്യാസം ക്ലാസ് മുറികളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണെന്നും പിന്നീട് അവിടങ്ങളില്‍ കായിക വിദ്യാഭ്യാസത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ അനാസ്ഥ കാണിച്ചുവെന്നും കോടതി പറഞ്ഞു. കളിസ്ഥലങ്ങള്‍ കുട്ടികളുടെ പഠനാന്തരീക്ഷത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
Content Highlight: High Court to make playgrounds compulsory in schools