| Tuesday, 11th June 2019, 3:28 pm

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് വഴിയാത്രക്കാര്‍ മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പേട്ടയില്‍ പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് വഴിയാത്രക്കാരായ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.

ചീഫ് സെക്രട്ടറി, കെ.എസ്.ഇ.ബി എന്നിവരെ കക്ഷിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കേസ് തുടര്‍ നടപടികള്‍ക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു.

കേരളത്തില്‍ കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട കര്‍മപദ്ധതി തയ്യാറാക്കാനാണ് കേസെടുത്തതെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഇന്നലെ പുലര്‍ച്ചയോടെയാണ് തിരുവനന്തപുരം പേട്ടയില്‍ പൊട്ടിവീണ വൈദ്യുതിലൈനില്‍ നിന്ന് രണ്ട് പേര്‍ മരണപ്പെട്ടത്. ചാക്ക പുള്ളിലൈന്‍ സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരായിരുന്നു മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു സംഭവം.

വെള്ളം കെട്ടി നിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പത്ര വിതരണം നടത്തിയിരുന്ന കുട്ടിയാണ് രണ്ട് പേര്‍ ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.

ഷോക്കേറ്റ രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് കെ.എസ്.ഇ.ബി പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more