കേസുകളുടെ നടത്തിപ്പില്‍ ഉദാസീനത, കോടതിയോട് അനാദരവ്; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
Kerala News
കേസുകളുടെ നടത്തിപ്പില്‍ ഉദാസീനത, കോടതിയോട് അനാദരവ്; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th June 2024, 10:49 am

എറണാകുളം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. കേസുകളുടെ നടത്തിപ്പില്‍ ഉദാസീനത കാണിക്കുന്നതായും കോടതിയോട് സര്‍ക്കാരിന് അനാദരവാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

മൂവാറ്റുപുഴ-എറണാകുളം പാതയുടെ ദേശസാല്‍ക്കരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമര്‍ശനം ഉണ്ടായത്. 2018 മുതല്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസാണിത്.

ജൂണ്‍ 11ന് കേസ് പരിഗണിച്ചപ്പോള്‍ ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്ന് സര്‍ക്കാരിനെ ഹൈക്കോടതി ഓര്‍മിപ്പിച്ചിരുന്നു. അടുത്ത തവണ ഹരജി പരിഗണിക്കുമ്പോള്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഹാജരായി ദേശസാല്‍ക്കരണത്തിന്റെ തുടര്‍ നടപടികള്‍ വിശദീകരിക്കണമെന്നും കോടതി അറിയിച്ചിരുന്നു.

ഇതിന് ശേഷം ബുധനാഴ്ചയാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. എന്നാല്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കോടതിയില്‍ ഹാജരായില്ല. പകരം ഹാജരാകാനുള്ള ബുദ്ധിമുട്ട് കാണിച്ച് പ്രിന്‍സിപ്പള്‍ സെക്രട്ടറി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. കേസുകളുടെ നടത്തിപ്പിലും കോടതി നടപടികളിലും ഉദാസീനമായ മനോഭാവമാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. സംസ്ഥാനത്തെ പരമോന്നത കോടതിയോട് സര്‍ക്കാര്‍ അനാദരവ് കാണിക്കുന്നത് വേദന ഉണ്ടാക്കുന്ന കാര്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

എതിര്‍ സത്യവാങ്മൂലങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി സമര്‍പ്പിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഓരോ തവണയും കേസ് പരിഗണിക്കുമ്പോള്‍ കേസ് നീട്ടി വെക്കാനാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്. ഇത് കാരണം ഹൈക്കോടതിയില്‍ കേസുകള്‍ കെട്ടിക്കിടക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.

അടുത്ത തവണ കേസ് പരിഗണിക്കുമ്പോല്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഹാജരായി നടപടികള്‍ വിശദീകരിക്കണമെന്ന് കോടതി പറഞ്ഞു. ഹാജരായില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടികള്‍ സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

എത്രയും പെട്ടെന്ന് എതിര്‍ സത്യവാങ് മൂലം സമര്‍പ്പിക്കണമെന്നും ഇല്ലെങ്കില്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അരലക്ഷം രൂപ പിഴ ഈടാക്കുമെന്നും കോടതി അറിയിച്ചു.

Content Highlight: High Court strongly criticized kerala government