ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ മരിച്ച 35 കുകി വിഭാഗത്തില്‍പ്പെട്ടയാളുകളുടെ സംസ്‌കാരം തടഞ്ഞ് ഹൈക്കോടതി. മെയ്തി വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്‌കാരം നിശ്ചയിച്ചിരുന്നത്. എന്നാലിവിടെ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
സംസ്‌കാരം നടത്തുന്നതുമായി ബന്ധപ്പെട്ട ഭൂമി തര്‍ക്ക വിഷയത്തിലാണ് ഹൈക്കോടതി നടപടി. ഇന്ന് 11 മണിക്കാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നത്. സര്‍ക്കാര്‍ ഇരുവിഭാങ്ങളോടുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണം എന്നാണ് കോടതിയുടെ ആവശ്യം.
പുലര്‍ച്ചെ അഞ്ച് മണിക്ക് മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജെസ്റ്റിസിന്റെ വസതിയിലാണ് കേസ് പരിഗണിച്ചത്. തുടര്‍ന്ന് മെയ്തി- കുകി വിഭാഗം ഇവിടെ സംഘടിക്കുകയായിരുന്നു. ഇതോടെ ആറ് മണിക്ക് പ്രത്യേക സിറ്റിങ്ങില്‍ ഹൈക്കോടതി രണ്ട് അംഗ ബെഞ്ച് കേസ് പരിഗണിച്ചു. ഇന്റര്‍നാഷണല്‍ മെയ്തി ഫോറമാണ് സംസ്‌കാരം തടയണമെന്ന ഹരജി നല്‍കിയിരുന്നത്.
സ്ഥല തര്‍ക്കത്തിന്റെ പേരുപറഞ്ഞ് സംസ്‌കാരച്ചടങ്ങ് അനുവദിക്കില്ലെന്ന നിലപാടുമായി മെയ്തി വിഭാഗം സംഘടനയായ കൊകോമി ഇടപെട്ടതാണ് വിഷയം കോടതിയിലെത്തിയത്. തങ്ങള്‍ക്ക് ആധിപത്യമുള്ള ബിഷ്ണുപൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഭൂമിയായ ടോര്‍ബംഗ് ബംഗ്ലാവില്‍ കുകികള്‍ ശവസംസ്‌കാരം നടത്തിയാല്‍
ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്.
കൊല്ലപ്പെട്ട് മൂന്ന് മാസം വരെ പിന്നിട്ടത് ഉള്‍പ്പെടെയുള്ള 35 മൃതദേഹങ്ങളാണ് ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രിയിലാണുള്ളത്. മൂന്ന് സ്ത്രീകളുടെ മൃതദേഹവും ഇവിടെയുണ്ട്. ഒമ്പത് കോള്‍ഡ് സ്റ്റോറേജ് യൂണിറ്റുകള്‍ മാത്രമുള്ള ആശുപത്രിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനും പരിമിതിയുണ്ട്.