കൊച്ചി: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ. പരാതിക്കാരിയുടെ വസ്ത്രം പ്രകോപനപരമാണെന്ന ഉത്തരവും ഹൈക്കോടതി സ്‌റ്റേ ചെയ്തു.
എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പീഡനക്കേസില്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വിധി.
കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിലാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവിട്ടത്.
പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാല്‍ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവില്‍ കോടതി പറഞ്ഞിരുന്നു.
സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന കോടതിയുടെ വിവാദ
പരാര്‍മര്‍ശത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
ഇതിന് പിന്നാലെ ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. പീഡനക്കേസിലെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
അതേസമയം, കേസില്‍ വിവാദ ജാമ്യ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥലം മാറ്റിയിരുന്നു. കോഴിക്കോട് സെഷന്‍സ് ജഡ്ജിയായിരുന്ന എസ്. കൃഷ്ണകുമാറിനെയാണ് കൊല്ലം ലേബര്‍ കോര്‍ട്ട് ജഡ്ജിയായി സ്ഥലം മാറ്റിയത്. മുരളീകൃഷ്ണന്‍. എസാണ് കോഴിക്കോട് സെഷന്‍സ് കോടതിയിലെ പുതിയ ജഡ്ജി.
Content Highlight: High Court stays Civic Chandran’s anticipatory bail in sexual harassment case