സണ്ണി ലിയോണിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Kerala
സണ്ണി ലിയോണിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th February 2021, 11:51 am

കൊച്ചി: സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പില്‍ 39 ലക്ഷം രൂപ വാങ്ങി പരിപാടിക്കെത്താതെ വഞ്ചിച്ചെന്ന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ കേസിലാണ് നടി സണ്ണി ലിയോണി, ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍, ജീവനക്കാരന്‍ സുനില്‍ രജനി എന്നിവര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ജസ്റ്റിസ് അശോക് മേനോന്റെ ബഞ്ചാണ് ഹരജി പരിഗണിച്ചത്. കേസില്‍ പ്രാഥമിക വാദം കേട്ടശേഷമാണ് സണ്ണി ലിയോണി ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കിയത്.

എന്നാല്‍ ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് തടസമില്ല. ചോദ്യവും ചെയ്യാം. എന്നാല്‍ സി.ആര്‍.പി.സി 41 എ പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ ചോദ്യം ചെയ്യാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

പരാതിക്കാരന്‍ ഷിയാസിന്റെ മൊഴി പെരുമ്പാവൂരില്‍നിന്നു എടുത്ത ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. അടുത്തയാഴ്ച ഇയാളില്‍നിന്ന് മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം ഉണ്ടായതിനാല്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ മാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സജീവിനാണ് ഇനി കേസ് അന്വേഷണത്തിന്റെ ചുമതല.

പണം വാങ്ങി വഞ്ചിച്ചതായി ഷിയാസ് ഡി.ജി.പിക്കു നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് ഈ മാസം ആദ്യം സണ്ണി ലിയോണിയെ ചോദ്യം ചെയ്തിരുന്നു.

2016 മുതല്‍ പല തവണയായി പണം മാനേജര്‍ മുഖേന കൈപ്പറ്റിയ ശേഷം 2019ലെ വാലന്റൈന്‍സ് ദിനത്തില്‍ നടത്താനിരുന്ന പരിപാടിയുടെ തലേന്നു സണ്ണി ലിയോണി പിന്മാറിയെന്നാണ് ഷിയാസ് ഡി.ജി.പിക്കു നല്‍കിയ പരാതി. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് ഈ മാസം ആദ്യം സണ്ണി ലിയോണിയുടെ ഉള്‍പ്പെടെ മൊഴിയെടുത്തിരുന്നു.

എന്നാല്‍ കരാര്‍ പ്രകാരമുള്ള തുക നല്‍കാതെ ഷോയില്‍ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കാനും വഞ്ചിക്കാനുമുള്ള ശ്രമമാണു നടത്തിയതെന്നും സണ്മി ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: High Court stays arrest of Sunny Leone