റിസോര്‍ട്ട് പാട്ടത്തിന് നല്‍കി വഞ്ചിച്ച കേസ്; നടന്‍ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
Kerala News
റിസോര്‍ട്ട് പാട്ടത്തിന് നല്‍കി വഞ്ചിച്ച കേസ്; നടന്‍ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd April 2022, 3:53 pm

എറണാകുളം: മൂന്നാറിലെ കയ്യേറ്റ ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി വഞ്ചിച്ച കേസില്‍ നടന്‍ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ബാബുരാജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോതമംഗലം സ്വദേശിയും വ്യവസായിയുമായ അരുണ്‍ കുമാറിന്റെ പരാതിയില്‍ അടിമാലി പൊലീസ് ആണ് കേസെടുത്തിരുന്നത്.

മൂന്നാര്‍ കമ്പിലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുളള വൈറ്റ് മിസ്റ്റ് റിസോര്‍ട്ട് അരുണ്‍ കുമാറിന് പാട്ടത്തിന് നല്‍കിയിരുന്നു. ഇയാളില്‍ നിന്ന് 40 ലക്ഷം രൂപ കരുതല്‍ധനമായി ബാബുരാജ് വാങ്ങിയിരുന്നു. എന്നാല്‍ റിസോര്‍ട്ട് തുറക്കാന്‍ ലൈസന്‍സിനായി പള്ളിവാസല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും പട്ടയം സാധുവല്ലാത്തതിനാല്‍ ലൈസന്‍സ് നല്‍കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് മറുപടി നല്‍കി.

അരുണ്‍ കുമാര്‍ നടനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. ഈ റിസോര്‍ട്ടിനെതിരെ 2018ലും 2020ലും രണ്ടുതവണ റവന്യൂവകുപ്പ് കുടി ഒഴിപ്പിയ്ക്കല്‍ നോട്ടീസ് നല്‍കിയിരുന്നെന്നും ഇതു മറച്ചുവെച്ചാണ് ബാബുരാജ് കരാറില്‍ ഏര്‍പ്പെട്ടതെന്നും അരുണ്‍ കുമാര്‍ ആരോപിച്ചു. മൂന്നുലക്ഷം രൂപ മാസ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കിയാല്‍ 40 ലക്ഷം രൂപ തിരിച്ചുകൊടുക്കേണ്ടതില്ലെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നുമാണ് ബാബുരാജ് ഹൈക്കോടതിയെ അറിയിച്ചത്.

 

Content Highlights: High Court stays arrest of Baburaj