കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) ധനസഹായത്തോടെ വനിതാ സംവിധായകര്‍ക്ക് സിനിമ നിര്‍മിക്കാനുള്ള പദ്ധതിയില്‍ സംവിധായകരെ തെരഞ്ഞെടുത്ത നടപടിക്ക് ഹൈക്കോടതി സ്‌റ്റേ. കെ.എസ്.എഫ്.ഡി.സിക്കു തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കെ.എസ്.എഫ്.ഡി.സി വഴി രണ്ടു സംവിധായകര്‍ക്ക് ഒന്നരക്കോടി രൂപ വീതം ഫണ്ട് അനുവദിക്കുന്നതായിരുന്നു പദ്ധതി. ഇതില്‍ ഓഗസ്റ്റില്‍ അഭിമുഖത്തിലൂടെ നടന്ന തെരഞ്ഞെടുപ്പിനാണ് സ്റ്റേ വന്നത്. നടപടിക്രമങ്ങള്‍ ലംഘിച്ചാണു തെരഞ്ഞെടുപ്പ് നടന്നതെന്ന് അഭിമുഖത്തില്‍ പങ്കെടുത്ത വിദ്യാ മുകുന്ദന്‍, ഗീത, അനു ചന്ദ്ര, ആന്‍ കുര്യന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചു.
കേരളാ സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായാണു രണ്ടു വനിതാ സംവിധായകര്‍ക്ക് കെ.എസ്.എഫ്.ഡി.സി വഴി സിനിമാ നിര്‍മാണത്തിനായി ഒന്നരക്കോടി രൂപ വീതം ഫണ്ട് അനുവദിക്കുന്ന പദ്ധതി തുടങ്ങിയത്. വനിതാ സംവിധായകരെ കണ്ടെത്താനുള്ള അഭിമുഖത്തില്‍ നടന്നതു തിരക്കഥയുടെ അടിസ്ഥാനത്തില്‍ മാത്രമുള്ള തെരഞ്ഞെടുപ്പാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു.
62 തിരക്കഥകളാണ് കെ.എസ്.എഫ്.ഡി.സി അവസാനം തെരഞ്ഞെടുത്തത്. അതില്‍ നിന്നു മികച്ച 20 എണ്ണം തെരഞ്ഞെടുത്ത് അവസാന റൗണ്ട് ഉണ്ടാകുമെന്നു പറഞ്ഞെങ്കിലും അതു നടന്നില്ലെന്നും അവര്‍ പറയുന്നു.
കെ.എസ്.എഫ്.ഡി.സിയോടു തിങ്കളാഴ്ച ഇതില്‍ വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയിലെ തെരഞ്ഞെടുപ്പ് മാത്രമാണ് സ്റ്റേ ചെയ്തതെന്നും അതു സംബന്ധിച്ചു വിശദമായിത്തന്നെ കോടതിയെ അറിയിക്കുമെന്നും കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ പ്രതികരിച്ചു.
സിനിമാ നിര്‍മാണത്തിനായുള്ള തിരക്കഥ, ബജറ്റ്, ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന നടീനടന്മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വിശദമായ വിവരങ്ങള്‍, സംവിധായികയുടെ ബയോഡാറ്റ എന്നിവ പറഞ്ഞ പ്രകാരം സമര്‍പ്പിക്കുക എന്നതായിരുന്നു ആദ്യത്തെ ഘട്ടം. പിന്നീട് നടന്ന പ്രക്രിയയിലാണ് ലംഘനങ്ങള്‍ നടന്നിട്ടുള്ളതെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്.
തങ്ങള്‍ ഇതിനെ സാങ്കേതികമായാണു കാണുന്നതെന്നും ആര്‍ക്കു കിട്ടി, എന്തു കിട്ടി എന്നു തങ്ങള്‍ ആലോചിക്കുന്നതു പോലുമില്ലെന്നും ഹര്‍ജി നല്‍കിയ ഗീത ഡൂള്‍ന്യൂസിനോടു പറഞ്ഞു. തങ്ങളുടെ സംവിധാന മികവ് അവിടെ പരിശോധിക്കുകയോ അതില്‍ മൂല്യനിര്‍ണയം നടത്തുകയോ ചെയ്തിട്ടില്ലെന്നും ഗീത പറഞ്ഞു.
‘ഞങ്ങള്‍ ഇന്റര്‍വ്യൂവിനു വേണ്ടി കാത്തിരിക്കുന്ന ആളുകളാണ്. തിരക്കഥ പരിശോധിക്കുന്നതു മാത്രമേ നടന്നുള്ളൂ എന്നു പറയാന്‍ ഞങ്ങളുടെ കൈയില്‍ തെളിവുണ്ട്. ഹാള്‍ടിക്കറ്റില്‍ തിരക്കഥ പരിശോധിക്കുന്നതിനു വേണ്ടിയിട്ടാണു ഞങ്ങളെ വിളിക്കുന്നതെന്നു കൃത്യമായി പറയുന്നുണ്ട്.
നിങ്ങള്‍ തിരക്കഥ അവരുടെ മുന്നില്‍ വായിച്ചു കേള്‍പ്പിക്കണമെന്നും, നമ്മള്‍ തന്നെ തിരക്കഥ എഴുതണമെന്നു നിര്‍ബന്ധമില്ലാത്തതിനാല്‍ തിരക്കഥാകൃത്തിനെ കൂടെക്കൊണ്ടുവരാമെന്നും അവര്‍ പറയുകയുണ്ടായി. അപ്പോള്‍ ഇന്റര്‍വ്യൂ അല്ല, തിരക്കഥാ പരിശോധനയാണ് അവിടെ നടക്കുന്നത്. അപ്പോള്‍ മൂല്യനിര്‍ണയ ചാര്‍ട്ട് നോക്കുകയാണെങ്കിലും അതു കാണും. നിങ്ങള്‍ക്കു ധൈര്യം ഉണ്ടോ, നിങ്ങളുടെ പേഴ്‌സാണിലിറ്റി എന്താണ് എന്നൊക്കെയാണ് അവര്‍ പരിശോധിക്കുന്നത്.’- അവര്‍ പറഞ്ഞു.
ഈ ലിസ്റ്റ് റദ്ദാക്കി, പകരം നോട്ടിഫൈ ചെയ്തിട്ടുള്ള സെലക്ഷന്‍ പ്രക്രിയകള്‍ നടത്തുക എന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഗീത പറഞ്ഞു. ജൂറി കുറേ സ്ത്രീകളെ അപമാനിച്ചിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.
‘ഈ സ്ത്രീകളില്‍ കൂടുതലും 40 കഴിഞ്ഞവരും സമൂഹത്തില്‍ നല്ല പദവി വഹിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരാണ്. അവര്‍ കഴിവ് തെളിയിച്ചിട്ടുള്ളവരാണ്. അവരെയൊക്കെ വിളിച്ചിട്ട് നിങ്ങള്‍ക്കു ബുദ്ധി കുറവാണ്, ധൈര്യമില്ലാത്തവരാണ് എന്നൊക്കെ പറഞ്ഞ് അപമാനിക്കുകയാണ്.’- ഗീത ആരോപിച്ചു.
കൃത്യമായ നിയമലംഘനങ്ങള്‍ക്ക് എതിരെ മാത്രമാണു തങ്ങള്‍ ശബ്ദിക്കുന്നതെന്ന് ഹര്‍ജി നല്‍കിയ അനു ചന്ദ്ര ഡൂള്‍ന്യൂസിനോടു പ്രതികരിച്ചു. ‘കെ.എസ്.എഫ്.ഡി.സിയുടെ ഈ ഒരു ഫലപ്രഖ്യാപനത്തിലൂടെ അര്‍ഹരായ രണ്ടു സ്ത്രീകളെ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. അവരുടെ കഴിവുകളെ ചോദ്യം ചെയ്യുന്നുമില്ല.’- അനു വ്യക്തമാക്കി.
‘ഞങ്ങളെ ഒരു കുറിപ്പിലൂടെ അറിയിച്ചതു പ്രകാരം ഞങ്ങള്‍ അഭിമുഖത്തിനു തയ്യാറായി. പക്ഷേ ഇതിനെല്ലാം വിരുദ്ധമായി എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഒരു തിരക്കഥ വായിച്ചുകേള്‍പ്പിച്ചതിന് ആഴ്ചകള്‍ക്കു ശേഷം രണ്ടു തിരക്കഥകള്‍ തെരഞ്ഞെടുക്കുകയായിരുന്നു.
സംവിധായകര്‍ക്കു ധനസഹായം എന്നാണ് ആദ്യം പത്രക്കുറിപ്പ് വന്നത്. പിന്നെ അതു തിരക്കഥ തെരഞ്ഞെടുക്കല്‍ എന്നായി. ഒരു തിരക്കഥയെ അടിസ്ഥാനപ്പെടുത്തി സംവിധായകരെ തെരഞ്ഞെടുക്കാനുള്ള യാതൊരു ശ്രമങ്ങളും നടത്താതെ എങ്ങനെയാണു തിരക്കഥ തെരഞ്ഞെടുത്തത് എന്നാണു ഞങ്ങളുടെ പ്രധാന ചോദ്യം.’- അനു പറഞ്ഞു.
തെറ്റായ വിവരങ്ങള്‍ നല്‍കി തങ്ങളെ ഇതിലേക്കെത്തിച്ചതിനെതിരെയാണ് കേസ് നല്‍കിയതെന്നും അതുമായി മുന്നോട്ടു പോകുമെന്നും അവര്‍ വ്യക്തമാക്കി.