| Friday, 9th November 2018, 2:11 pm

കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി; അനുവദിച്ചത് അപ്പീല്‍ പോകാനുള്ള സാവകാശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് വിധി സ്‌റ്റേ ചെയ്തത്. അപ്പീലിനു പോകാനുള്ള സാവകാശം അനുവദിച്ചാണ് കോടതി നടപടി.

ഒരുമാസത്തേക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് കെ.എം ഷാജി ആവശ്യപ്പെട്ടത്. എന്നാല്‍ അപ്പീല്‍ പോകാനായി രണ്ടാഴ്ചത്തേക്കു മാത്രം വിധി സ്‌റ്റേ ചെയ്യുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു.

കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.

വിധി പുറപ്പെടുവിച്ച അതേ ബെഞ്ച് തന്നെയാണ് രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്. കോടതി ചിലവിനത്തില്‍ 50,000 രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിവെയ്ക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Also Read:“അല്ലാഹുവിന്റെ അടുക്കല്‍ അമുസ്‌ലീങ്ങള്‍ക്ക് സ്ഥാനമില്ല”; കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത് ഈ ലഘുലേഖ കാരണം

ഇന്നുരാവിലെയാണ് കെ.എം ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് വന്നത്. തെരഞ്ഞെടുപ്പില്‍ വോട്ടിനായി വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ പരാതിയിലായിരുന്നു കോടതി നടപടി.

ഷാജിക്കെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാര്‍ നല്‍കിയ തെരഞ്ഞെടുപ്പു ഹര്‍ജി അനുവദിച്ച് ജസ്റ്റിസ് പി.ഡി രാജന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് അഴീക്കോട് മണ്ഡലത്തില്‍ മതസ്പര്‍ധ വളര്‍ത്തുന് ലഘുലേഖ വിതരണം ചെയ്‌തെന്ന് പരാതിയില്‍ നികേഷ് കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടായിരുന്നു കെ.എം ഷാജിയെ കോടതി അയോഗ്യനാക്കി പ്രഖ്യാപിച്ചത്.

Also Read:വോട്ടിനായി വര്‍ഗീയ പ്രചരണം: കെ.എം ഷാജി എം.എല്‍.എയെ ഹൈക്കോടതി അയോഗ്യനാക്കി

അഴീക്കോട് നടന്ന തെരഞ്ഞെടുപ്പില്‍ തന്നെ വിജയിയാക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more