| Tuesday, 28th May 2019, 10:20 pm

കേരളത്തിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം;അര്‍ണാബിനെതിരായ നടപടിക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ റിപ്പബ്ലിക്ക് ടിവി മാനേജിങ് ഡയറക്ടറും എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിക്കെതിരായ അപകീര്‍ത്തിക്കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ണബ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് രാജാ വിജയരാഘവന്റെ ഉത്തരവ്.

രണ്ട് മാസത്തേക്കാണ് നടപടികള്‍ തടഞ്ഞത്. നേരത്തെ കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി(ഒന്ന്) അര്‍ണാബിനെതിരെ കേസെടുത്തിരുന്നു. കേസെടുത്തു. ജൂണ്‍ 20ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയക്കാനും ഉത്തരവായിട്ടിരുന്നു.

കേരളത്തിന് യു.എ.ഇ 700 കോടി രൂപ സഹായവാഗ്ദാനം നല്കിയെന്ന വാര്‍ത്തയുണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ടി.വിയിലെ ചര്‍ച്ചയ്ക്കിടെ  അര്‍ണബ് മലയാളികളെ അധിക്ഷേപിച്ചെന്ന് കാണിച്ച് സി.പി.ഐ.എം നേതാവ് പി. ശശി നല്‍കിയ ഹരജിയിലായിരുന്നു നടപടി

പ്രളയക്കെടുതിയുടെ ദുരിതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളീയരെ ‘ താന്‍ കണ്ടതില്‍വെച്ചേറ്റവും നാണംകെട്ട ജനത” എന്ന് അര്‍ണബ് വിശേഷിപ്പിച്ചെന്നായിരുന്നു പരാതി. പരാമര്‍ശം അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി പി ശശി അര്‍ണബിന് നേരത്തെ വക്കീല്‍ നോട്ടീസയച്ചിരുന്നു.

ഏഴുദിവസത്തിനകം മലയാളി സമൂഹത്തോട് നിര്‍വ്യാജം ഖേദംപ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം പത്തുകോടി രൂപ നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 500, ക്രിമിനല്‍ നടപടിച്ചട്ടം 190 പ്രകാരം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലല്ല, മലയാളികളെ അപമാനിക്കാനും രാജ്യത്തെ ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാനുമാണ് അര്‍ണബ് ശ്രമിച്ചതെന്നും മലയാളിയെന്ന നിലയില്‍ താനും അപമാനിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് മാനനഷ്ടക്കേസ് നല്‍കിയതെന്നും പി. ശശി പറഞ്ഞിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more