ഗവര്‍ണര്‍ക്ക് തിരിച്ചടി; അസോ. പ്രൊഫ. നിയമനത്തില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷന്‍ ബെഞ്ച്
Kerala News
ഗവര്‍ണര്‍ക്ക് തിരിച്ചടി; അസോ. പ്രൊഫ. നിയമനത്തില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷന്‍ ബെഞ്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd June 2023, 11:18 am

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോ.പ്രൊഫ. നിയമനത്തില്‍ പ്രിയ വര്‍ഗീസിന്
യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതിന് പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്നുമുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.

യു.ജി.സി മാനദണ്ഡ പ്രകാരം എട്ടു വര്‍ഷത്തെ അധ്യാപന പരിചയമാണ് വേണ്ടതെന്നും അതു മറികടക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍വകലാശാലയുടെ റാങ്കു പട്ടിക നേരത്തെ റദ്ദാക്കിയിരുന്നത്.

പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് ആരോപിച്ച് ലിസ്റ്റില്‍ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്.ബി കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയ നല്‍കിയ ഹരജിയിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. ഇതിനെതിരെ പ്രിയ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇപ്പോഴത്തെ വിധി.

വിഷയത്തില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിപ്പിക്കുകയും വി.സി. നല്‍കിയ വിശദീകരണം തള്ളി അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ഹൈക്കോടതിയിലെത്തുന്നത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് പ്രിയ വര്‍ഗീസിന്റെ ഭര്‍ത്താവാണ്. ഇവരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ഇതിനിടയിലാണ് പ്രിയക്ക് അനുകൂലമായ വിധിവരുന്നത്.

Content Highlight: High Court single bench order of ineligibility The Division Bench set aside the Kannur University Assoc.Prof. To Priya Varghese on appointment