| Tuesday, 27th February 2024, 5:17 pm

പരോളില്ലാതെ 20 വര്‍ഷം, ഇരട്ട ജീവപര്യന്തം; ടി.പി. കൊലക്കേസ് പ്രതികളുടെ ജീവപര്യന്തം ഇരട്ടിയാക്കി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒമ്പത് പ്രതികള്‍ക്ക് 20 വര്‍ഷം ഇളവില്ലാതെ ജീവപര്യന്തം വിധിച്ച് ഹൈക്കോടതി. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 11-ാം പ്രതിക്കുമാണ് 20 വര്‍ഷം ഇളവില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ടി.പി. വധക്കേസില്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, കെ. ഷിനോജ് എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. കേസില്‍ പുതുതായി പ്രതി ചേര്‍ക്കപ്പെട്ട കെ.കെ. കൃഷ്ണനും ജ്യോതി ബാബുവിനും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ടി.പി. ചന്ദ്രശേഖരന്റെ പങ്കാളിയും വടകര എം.എല്‍.എയുമായ കെ.കെ.രമ കോടതിയില്‍ അപ്പീല്‍ നല്‍കിയത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷനും കെ.കെ. രമയും ആവശ്യപ്പെട്ടിരുന്നത്.

പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണമെന്നും വര്‍ഷങ്ങള്‍ നീണ്ട വലിയ ഗൂഢാലോചനയും വൈരാഗ്യവും ഇതിന് പിന്നിലുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ജയില്‍ റിപ്പോര്‍ട്ടില്‍ അധികൃതര്‍ പലതും മറച്ചുവെച്ചുവെന്നും കോടതി ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ കെ.സി. രാമചന്ദ്രനെതിരെ ജയില്‍ അധികൃതര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊലപാതകം നടന്ന് ദീര്‍ഘകാലമായിട്ടും രാമചന്ദ്രന് യാതൊരു കുറ്റബോധവുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ടി.പി. ചന്ദ്രശേഖരന്റേത് ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് പ്രതിഭാഗം ഉയര്‍ത്തിയ വാദം. പരമാവധി ശിക്ഷയായ വധശിക്ഷയിലേക്ക് പോകരുതെന്നും പ്രതിഭാഗം ചൊവ്വാഴ്ച കോടതിയില്‍ പറഞ്ഞിരുന്നു.

വിചാരണ കോടതിയില്‍ സമര്‍പ്പിച്ച വിവരങ്ങളേക്കാള്‍ കൂടുതലായി മറ്റൊന്നും പ്രോസിക്യൂഷന്‍ അവതരിപ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം പറഞ്ഞു. കൂടാതെ കുടുംബത്തിലെ ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlight:  High Court sentenced nine accused to 20 years life imprisonment without parole in T.P. Chandrasekaran murder case

We use cookies to give you the best possible experience. Learn more