[share]
[]കൊച്ചി: വര്‍ഗീസ് വധത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു വര്‍ഗീസിന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനു നോട്ടിസയച്ചു.
ഹരജി ഫയലില്‍ സ്വീകരിച്ചാണ് കോടതി സര്‍ക്കാരിനു നോട്ടീസയച്ചത്. ഭരണകൂട ഭീകരതയുടെ ഇരയാണു വര്‍ഗീസെന്നു സുപ്രീംകോടതിപോലും വിലയിരുത്തിയ കേസായിരുന്നുവെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മൂത്ത സഹോദരനായ വര്‍ഗീസായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.
വര്‍ഗീസിന്റെ മരണം തങ്ങളെ അനാഥരാക്കിയെന്നും അതിനാല്‍ കൊലപാതകത്തിന്റെ നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും 1970 ഫെബ്രുവരി മുതലുള്ള പലിശയും നല്‍കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.
1970 ഫെബ്രുവരി 18 നാണ് വര്‍ഗീസ് വെടിയേറ്റ് മരിച്ചത്. തിരുനെല്ലി, തൃശിലേരി ആക്ഷന്‍ കഴിഞ്ഞ് 17 പേരുള്ള നക്‌സല്‍ സംഘം 10 ദിവസം കാട്ടില്‍ തങ്ങി. അരി സംഘടിപ്പിക്കുന്നതിന് ഗ്രോ വാസു, വര്‍ഗീസ്, സോമന്‍, രഘു, ഔസേപ്പ് എന്നിവര്‍ ആദിവാസി കോളനിയിലേക്ക് വന്നപ്പോഴാണ് സി.ആര്‍.പി.എഫിന്റെ മുന്നില്‍ പെട്ടത്.
ചിതറിയോടിയപ്പോള്‍ വര്‍ഗീസ് കാട്ടില്‍ കുടുങ്ങി. മറ്റുള്ളവര്‍ മലയിറങ്ങി. ഒരു വീട്ടില്‍ അഭയം തേടിയ വര്‍ഗീസിനെ അവര്‍ ഒറ്റിക്കൊടുത്തതിനെ തുടര്‍ന്ന് പിറ്റേന്ന് പോലീസ് പിടികൂടി വെടിവെച്ച് കൊല്ലുകയായിരുന്നു. ഏറ്റുമുട്ടലില്‍ വര്‍ഗീസ് മരിച്ചെന്നായിരുന്നു പോലീസ് പറഞ്ഞത്. രണ്ട് പേരെ വധിച്ച തിരുനെല്ലി, തൃശിലേരി ആക്ഷനില്‍ പിടിക്കപ്പെട്ട ഗ്രോ വാസു ഏഴര വര്‍ഷം ജയിലില്‍ കഴിഞ്ഞിരുന്നു.
വര്‍ഗീസിനെ പൊലീസ് പിടികൂടിയ ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് രാമചന്ദ്രന്‍ നായര്‍ എന്ന പൊലീസുകാരന്‍ വെളിപ്പെടുത്തുകയായിരുന്നു.
ലക്ഷ്മണ അടക്കമുള്ളവരുടെ ഭീഷണിയെ തുടര്‍ന്നാണ് താന്‍ വെടിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് ഇതിനെക്കുറിച്ച് അന്വേഷണം നടന്നു.
1970 ഫെബ്രുവരി 18ന് അന്ന് ഡിവൈ.എസ്.പിയായിരുന്ന ലക്ഷ്മണയുടെയും ഡി.ഐ.ജി ആയിരുന്ന വിജയന്റെയും ആജ്ഞ അനുസരിച്ച് ഒന്നാം പ്രതി മുന്‍ സി.ആര്‍.പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ നെഞ്ചില്‍ വെടിവെച്ച് വര്‍ഗീസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസില്‍ ലക്ഷമണയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാല്‍ 2010 ഒക്ടോബര്‍ മുതല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷിക്കപ്പെട്ട ലക്ഷ്മണയെ കഴിഞ്ഞ വര്‍ഷം വിട്ടയച്ചിരുന്നു.
75 വയസ്സ് തികഞ്ഞവരും ആരോഗ്യം ക്ഷയിച്ചവരുമായ തടവുപുള്ളികളെ ശിക്ഷാകാലാവധി കഴിയുന്നതിന് മുമ്പ് വിട്ടയയ്ക്കാമെന്ന കേരള ജയില്‍ നിയമത്തിലെ ചട്ടങ്ങള്‍ അനുസരിച്ച് എ.ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് സര്‍ക്കാരിന് നല്‍കിയ കത്തിനെ തുടര്‍ന്നാണ് ലക്ഷമണയെ വിട്ടയച്ചത്.