സമന്‍സിനെ ചോദ്യം ചെയ്ത് തോമസ് ഐസക്ക്; മസാല ബോണ്ട് കേസില്‍ ഇ.ഡിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
Kerala News
സമന്‍സിനെ ചോദ്യം ചെയ്ത് തോമസ് ഐസക്ക്; മസാല ബോണ്ട് കേസില്‍ ഇ.ഡിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st February 2024, 6:28 pm

കൊച്ചി: മസാല ബോണ്ടിലെ സമന്‍സിനെ ചോദ്യം ചെയ്തുകൊണ്ട് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഫയല്‍ ചെയ്ത ഹരജിയില്‍ ഇ.ഡിക്ക് നോട്ടീസയച്ച് ഹൈക്കോടതി. അടുത്ത വെള്ളിയാഴ്ച കോടതി വീണ്ടും ഹരജി പരിഗണിക്കും.

മസാല ബോണ്ട് കേസ് വ്യാഴാഴ്ച പരിഗണിക്കാന്‍ ഇരിക്കവെയാണ് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ഹരജികള്‍ കോടതിയില്‍ ഫയല്‍ ചെയ്യപ്പെടുന്നത്. കൂടാതെ കിഫ്ബി അഭിഭാഷകനും സുപ്രീം കോടതിയിലെ മുതിര്‍ന്ന നിയമജ്ഞനുമായ അരവിന്ദ് ദാതാര്‍ ഈ കേസ് മുഴുവനായി മറ്റൊരു ദിവസം കേള്‍ക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.

കാരണം കാണിക്കല്‍ നോട്ടീസ് പോലെയാണ് സമന്‍സ് അയച്ചിരിക്കുന്നതെന്നും ഇ.ഡി അധികാരപരിധി ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയ അരവിന്ദ് ദാതാര്‍ സമന്‍സ് റദ്ദാക്കണമെന്നും ആവശ്യം ഉയര്‍ത്തി.

തുടര്‍ന്ന് കേസില്‍ ഉള്‍പ്പെടുന്ന എല്ലാവരുടെയും ഭാഗം കേള്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി അടുത്ത വെള്ളിയാഴ്ചക്ക് കോടതി വാദം മാറ്റിവെക്കുകയായിരുന്നു.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആദ്യത്തെ സമന്‍സ് ഇ.ഡി പിന്‍വലിച്ചതെന്നും നിലവില്‍ രണ്ടാമതും ഐസക്കിന് കേന്ദ്ര അന്വേഷണ ഏജന്‍സി സമന്‍സ് അയച്ചിരിക്കുകയാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയോട് പറഞ്ഞു.

മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട നിയമനടപടിയെ ഏകപക്ഷീയമായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമീപിക്കുന്നതെന്നാണ് ഹരജിയില്‍ തോമസ് ഐസക്ക് വ്യക്തമാക്കിയിരിക്കുന്നത്. ഇ.ഡി മനഃപൂര്‍വം ബുദ്ധിമുട്ടിക്കുകയാണെന്ന് കിഫ്ബിയും കോടതിയെ അറിയിച്ചു.

Content Highlight: High Court sent notice to ED in masala bond case