കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയില്‍ പൊലീസിനോട് മറുപടി തേടി ഹൈക്കോടതി. കേസ് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ഈ മാസം 20ന് ഹാജരാകാനാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും പൊലീസിനോട് കൂടി മറുപടി തേടി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്നും ഐഷ ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്.
തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നും ടി.വി. ചര്‍ച്ചയില്‍ നടത്തിയ ‘ബയോ വെപ്പണ്‍’ പരാമര്‍ശം ബോധപൂര്‍വ്വം ആയിരുന്നില്ലെന്നും ഐഷ സുല്‍ത്താന ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച കോടതി ലക്ഷദ്വീപ് പൊലീസിനോട് എന്തെല്ലാം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്ന് ചോദിച്ചു.
വ്യാഴാഴ്ചക്ക് മുമ്പ് മറുപടി നല്‍കാനും കോടതി നിര്‍ദേശം നല്‍കി. ഇതിനിടെ ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥന്‍ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് കാട്ടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.
മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ചതില്‍ ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.
ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: High court seeks response to treason charge against Aisha Sultana