ആരാധനാലയങ്ങള്‍ പെരുകിയാല്‍ മനുഷ്യന് ജീവിക്കാനിടമില്ലാതാകുമെന്ന് ഹൈക്കോടതി; ഉത്തരവ് അമരമ്പലത്തെ പള്ളിക്ക് അനുമതി ചോദിച്ച കേസില്‍
Kerala News
ആരാധനാലയങ്ങള്‍ പെരുകിയാല്‍ മനുഷ്യന് ജീവിക്കാനിടമില്ലാതാകുമെന്ന് ഹൈക്കോടതി; ഉത്തരവ് അമരമ്പലത്തെ പള്ളിക്ക് അനുമതി ചോദിച്ച കേസില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th August 2022, 9:33 am

കൊച്ചി: കേരളത്തില്‍ ഇനിയും ആരാധനാലയങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയാല്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ ഇടമില്ലാതാകുമെന്ന് ഹൈക്കോടതി. അമരമ്പലം പഞ്ചായത്തിലെ തോട്ടക്കാട് നിസ്‌കാര പള്ളിക്ക് അനുമതി ലഭിക്കാനുള്ള കേസിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

കേരളത്തില്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ഥനാ ഹാളുകളും അടച്ചുപൂട്ടണമെന്നും, അനുമതി ഇല്ലാത്തവക്കെതിരെ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു.

സ്വകാര്യ വ്യക്തി ദാനം ചെയ്ത തോട്ടേക്കാട് ടൗണിനോട് ചേര്‍ന്നുള്ള ഏഴ് സെന്റിലെ കെട്ടിടത്തിലാണ് നിസ്‌കാര പള്ളി തുടങ്ങാനായി ജില്ലാ കളക്ടര്‍ക്ക് തോട്ടേക്കാട് നൂറുല്‍ ഇസ്‌ലാം സാംസ്‌കാരിക സംഘം അപേക്ഷ സമര്‍പ്പിച്ചത്. ദാനമായി കിട്ടിയ ഈ ഭൂമി വഖഫ് ആക്ട് പ്രകാരമാണ് നിലമ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എന്നാല്‍ കെട്ടിടം ഇരിക്കുന്ന പ്രദേശത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ 36 പള്ളികള്‍ ഉണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ അപേക്ഷ നിരസിക്കുകയായിരുന്നു.

ഇതോടെയാണ് ജില്ലാ കളക്ടറുടെ നടപടിക്കെതിരെ നൂറുല്‍ ഇസ്‌ലാം സംഘം ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോട് കോടതി നിര്‍ദേശം നല്‍കി.

തോട്ടേക്കാടില്‍ പുതിയ പള്ളിക്ക് അനുമതി നല്‍കിയാല്‍ മതപരമായ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചുള്ള കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി സംഘത്തിന്റെ അപേക്ഷ തള്ളുകയായിരുന്നു.

എന്നാല്‍ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ മറ്റു മുസ്‌ലിം പള്ളികളില്ലെന്നും, പള്ളികളില്‍ നിസ്‌കരിക്കുന്നതിന്റെ മേന്മയും സ്വീകാര്യതയും ഒരുമയും ചൂണ്ടിക്കാട്ടി ഹദീസിലും ഖുര്‍ആനിലുമുള്ള തെളിവുകള്‍ ഹാജരാക്കി ജില്ലാ കളക്ടര്‍, ജില്ല പൊലീസ് മേധാവി, ഗ്രാമപഞ്ചായത്ത് തുടങ്ങി ഏഴ് പേരെ എതിര്‍ ക്ഷികളാക്കി സംഘം വീണ്ടും കോടതിയില്‍ റിട്ട് ഹരജി നല്‍കി.

ഈ ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവുണ്ടായിരിക്കുന്നത്. മതവിഭാഗങ്ങള്‍ സൗഹൃദത്തോടെ ജീവിക്കുന്ന ഇവിടെ മതിയായ പ്രാര്‍ഥനാലയങ്ങളുണ്ട്. മുക്കിലും മൂലയിലും ആരാധനാലയം ആവശ്യമില്ല. അകലമല്ല, പള്ളിയില്‍ പോവുകയെന്നതിനാണ് പ്രാധാന്യമെന്നും കോടതി അഭിപ്രായപ്പെട്ടു.

നിലമ്പൂരിലെ കൊമേഴ്ഷ്യല്‍ കെട്ടിടത്തിന് അനുമതി ലഭിച്ച സ്ഥലമാണ് ഉടമകള്‍ ഹരജിക്കാരായ നൂറുല്‍ ഇസ്‌ലാം സാംസ്‌കാരിക സംഘത്തിന് കൈമാറുന്നത്. 2017 ലാണ് കെട്ടിടത്തിന് നിര്‍മാണ അനുമതി ലഭിച്ചത്. എന്നാല്‍, നിര്‍മാണം തുടങ്ങി രണ്ട് മാസത്തിനകം തന്നെ പണിയുന്നത് മതസ്ഥാപനമാണെന്നു കാട്ടി പൂക്കോട്ടുപാടം തോട്ടേക്കാട് സ്വദേശി ആനി ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

തുടര്‍ന്ന് കോടതി ഇവിടെ പ്രാര്‍ഥനകളും മറ്റും നടക്കുന്നില്ലെന്ന് പരിശോധിക്കാന്‍ പൂക്കോട്ടുപാടം എസ്.ഐയെ നിയോഗിച്ചു. ശേഷം കച്ചവട ആവശ്യത്തിന് മാത്രമേ ഉപയോഗിക്കൂ എന്ന് സത്യവാങ്മൂലം എഴുത് വാങ്ങിയതിന് ശേഷം കെട്ടിടത്തിന് പഞ്ചായത്ത് ഒക്യുപെന്‍സി നല്‍കി.

എന്നാല്‍, പഞ്ചായത്ത് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് പിന്നാലെ ഉടമകള്‍ കെട്ടിടം പുതിയ ഉടമകളായ ഹരജിക്കാര്‍ക്ക് കൈമാറി. തുടര്‍ന്ന് കെട്ടിടം ആരാധനാലയമാക്കാനുള്ള അപേക്ഷ ജില്ലാ കളക്ടര്‍ക്കും, പഞ്ചായത്തിനും നല്‍കുകയായിരുന്നു.

നടപടി വൈകിയതിനെത്തുടര്‍ന്ന് കോടതിയിലെത്തിയ ഹരജിക്കാരുടെ നാല് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് കോടതിയുടെ നിര്‍ണായ വിധി ഉണ്ടായത്.

Content Highlight: High Court says that if places of worship increase, man will have no right to live