| Tuesday, 10th September 2024, 5:56 pm

റോബിന്‍ ബസ് ഉടമയ്ക്ക് തിരിച്ചടി; ബസ് നടത്തിയത് നിയമലംഘനമെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: റോബിന്‍ ബസ് ഉടമയും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ ബസ് ഉടമ ഗിരീഷിന് തിരിച്ചടി. റോബിന്‍ ബസ് നടത്തിയത് നിയമലംഘനമാണെന്ന് നിരീക്ഷിച്ച കോടതി കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് ബോര്‍ഡ് വെച്ച് ആളെ കയറ്റാന്‍ അനുമതിയില്ലെന്നും വ്യക്തമാക്കി.

റോബിന്‍ ബസ് നടത്തുന്നത് പെര്‍മിറ്റ് ലംഘനമാണെന്ന കെ.എസ്.ആര്‍.ടി.സിയുടെ വാദം ഹൈക്കോടതി ശെരിവെക്കുകയായിരുന്നു. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഓള്‍ ഇന്ത്യ പെര്‍മിറ്റ് നിയമങ്ങള്‍ പ്രകാരം കോണ്‍ട്രാക്ട് ബോര്‍ഡ് വെച്ച് സര്‍വ്വീസ് നടത്താനും ആളുകളെ കയറ്റാനും അവകാശമുണ്ടെന്നാണ് ബസ് ഉടമ ഉന്നയിച്ചത്. എന്നാല്‍ ഇത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എം.വി.ഡിയും സര്‍ക്കാരും ബസിന് പിഴ ചുമത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ബസ് ഉടമ കോടതിയെ സമീപിച്ചത്. ഇവര്‍ക്ക് പുറമെ കെ.എസ്.ആര്‍.ടി.സിയും ബസിനെതിരെ കോടതിയെ സമീപിച്ചിരുന്നു.

കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് പുതിയ എ.സി ബസ് സര്‍വ്വീസ് ആരംഭിച്ചിതായി ബസ് ഉടമ ഗിരീഷ് അറിയിച്ചിരുന്നു. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റിലാണ് എം.വി.ഡി പെര്‍മിറ്റ് നല്‍കാന്‍ അനുവദിച്ചതെന്ന് പറഞ്ഞ ഗിരീഷ് പെര്‍മിറ്റ് കിട്ടാന്‍ വൈകിയത് കാരണം 70 ദിവസത്തോളം വൈകിയാണ് ബസ് നിരത്തിലിറങ്ങിയതെന്നും ആരോപിച്ചിരുന്നു.

ഈ വര്‍ഷം ജനുവരിയിലും റോബിന്‍ ബസ് പെര്‍മിറ്റ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ബസ് ചട്ടലംഘനം നടത്തിയാലും പിടിച്ചെടുത്ത ബസ് വിട്ടുകൊടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Content Highlight: High Court Says Robin bus has break the permit rule

We use cookies to give you the best possible experience. Learn more