| Thursday, 17th November 2022, 5:23 pm

മതിയായ യോഗ്യതയില്ലെന്ന് ഹൈക്കോടതി; കണ്ണൂര്‍ സര്‍വകലാശാല നിയമനത്തില്‍ പ്രിയ വര്‍ഗീസിന് തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറാകാന്‍ പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് ഹൈക്കോടതി. പ്രിയ വര്‍ഗീസിന്റെ ഗവേഷണ കാലം അധ്യാപക പരിചയമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രിയ വര്‍ഗീസിന് അവകാശപ്പെടുന്ന സേവനങ്ങള്‍ അധ്യാപന പരിചയം ആകില്ല. പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് മതിയായ യോഗ്യതയില്ലെന്നും യോഗ്യതകളെല്ലാം അക്കാദമികമായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു.

അതിന്റെ അടിസ്ഥാനത്തില്‍ പ്രിയ വര്‍ഗീസിന് യോഗ്യതയുണ്ടോ എന്ന് സര്‍വകലാശാല പുനപരിശോധിക്കണം. ലിസ്റ്റില്‍ നിലനിര്‍ത്തണോ എന്ന് പരിശോധിച്ചുതീരുമാനിച്ച ശേഷം മാത്രം റാങ്ക് ലിസ്റ്റില്‍ തുടര്‍നടപടി എടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ഒന്നരമണിക്കൂറില്‍ ഏറെയെടുത്താണ് ജഡ്ജിമാര്‍ വിധിപ്രസ്താവം വായിച്ചത്.

പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് ആരോപിച്ച് ലിസ്റ്റില്‍ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്.ബി കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. ഹരജിയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഡോ. എസ്. രാധാകൃഷ്ണന്റെ വാക്കുകള്‍ കടമെടുത്താണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധി പ്രസ്താവം നടത്തിയത്.

പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യു.ജി.സി കോടതിയില്‍ സ്വീകരിച്ച നിലപാട്. ഹാജര്‍ നില, ഗവേഷണ കാലയളവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് യു.ജി.സി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. അവധിയെടുക്കാതെയുള്ള ഗവേഷണകാലം സര്‍വീസായി കണക്കാക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയ വര്‍ഗീസ് വാദിച്ചത്.

CONTENT HIGHLIGHT: High Court says Priya Varghese is not qualified to become Kannur University Associate Professor

We use cookies to give you the best possible experience. Learn more