പ്രസവാനന്തര വിഷാദം താത്കാലികം; കുട്ടിയുടെ സ്ഥിരം കസ്റ്റഡി പിതാവിന് നല്‍കിയതിനെതിരെ ഹൈക്കോടതി
Kerala News
പ്രസവാനന്തര വിഷാദം താത്കാലികം; കുട്ടിയുടെ സ്ഥിരം കസ്റ്റഡി പിതാവിന് നല്‍കിയതിനെതിരെ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2024, 7:54 pm

കൊച്ചി: പ്രസവാനന്തരം സ്ത്രീകളില്‍ ഉണ്ടാകുന്ന വിഷാദം സാധാരണമെന്ന് ഹൈക്കോടതി. സ്ത്രീകളില്‍ ഇത്തരം വിഷാദം താത്കാലികമെന്നും കോടതി പറഞ്ഞു.

കുട്ടിയുടെ സ്ഥിരം കസ്റ്റഡി പിതാവിന് നല്‍കികൊണ്ടുള്ള കുടുംബകോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം.ബി. സ്‌നേഹലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

ഒന്നര വയസുള്ള മകളുടെ സ്ഥിരം കസ്റ്റഡി പിതാവിന് നല്‍കിക്കൊണ്ടാണ് കുടുംബക്കോടതി ഉത്തരവിട്ടത്. പ്രസവത്തെ തുടര്‍ന്ന് അമ്മയില്‍ വിഷാദരോഗം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് കുട്ടിയുടെ കസ്റ്റഡി പിതാവിന് നല്‍കി കുടുംബക്കോടതി ഉത്തരവിട്ടത്.

എന്നാല്‍ കുടുംബക്കോടതിയുടെ തീരുമാനം തെറ്റായിപോയെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. വിഷാദരോഗം ഉണ്ടെന്ന് സൂചിപ്പിക്കുന്ന പഴയ മെഡിക്കല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം കുട്ടിയുടെ കസ്റ്റഡി പൂര്‍ണമായും പിതാവിന് നല്‍കാന്‍ പാടില്ലായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.

ഹരജിക്കാരായ ദമ്പതികള്‍ വിവാഹമോചിതരാണ്. വിവാഹ മോചനത്തിന് പിന്നാലെ കുട്ടിയുടെ കസ്റ്റഡി വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹരജിയാണ് കുടുംബക്കോടതി പരിഗണിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയെന്ന നിലയ്ക്ക് കുട്ടിയെ അമ്മയ്ക്ക് വിട്ടുകൊടുക്കരുതെന്നായിരുന്നു പിതാവിന്റെ ആവശ്യം.

ഇതിനായി യുവതിയുടെ പഴയ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയാണ് യുവാവ് വാദം നടത്തിയത്. തുടര്‍ന്നാണ് പിതാവിന് അനുകൂലമായി കുടുംബക്കോടതി ഉത്തരവിട്ടത്. അതേസമയം അമ്മ ഫയല്‍ ചെയ്ത റിവ്യൂ ഹരജിയില്‍ കോടതി തള്ളുകയും ചെയ്തിരുന്നു.

കുട്ടി പിതാവിനൊപ്പം പോകാന്‍ തയ്യാറല്ലെന്നും കുഞ്ഞിനെ ഇപ്പോഴും മുലയൂട്ടുന്നുണ്ടെന്നും യുവതി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുടുംബക്കോടതി യുവതിയുടെ ഹരജി തള്ളുകയായിരുന്നു. കുടുംബക്കോടതിയുടെ പ്രസ്തുത തീരുമാനത്തെ ചോദ്യം ചെയ്ത് യുവതി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

യുവതിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന്, യുവതി മാനസികമായി വെല്ലുവിളികള്‍ നേരിടുന്നില്ലെന്ന് തെളിയിക്കാനും പരിശോധന നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹരജിക്കാരന്റെ വാദം വസ്തുതാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Content Highlight: High Court says postpartum depression in women is normal