Kerala News
പോക്‌സോ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിലെ വീഴ്ച; ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ അനുമതി വേണ്ട: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 27, 05:08 am
Thursday, 27th February 2025, 10:38 am

കൊച്ചി: പോക്‌സോ കുറ്റകൃത്യങ്ങള്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണ്ടതില്ലെന്ന് ഹൈക്കോടതി.

ബലാത്സംഗത്തിനിരയായ 13കാരി ഗര്‍ഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതിരുന്ന ഡോക്ടറെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പുനഃപരിശോധന ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

ജസ്റ്റിസ് എ. ബദറുദ്ദീന്റെതാണ് നടപടി. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹരജി തള്ളുകയാണെന്ന് കോടതി വ്യക്തമാക്കുകയിരുന്നു.

കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പ്രത്യേക കോടതി തള്ളിയതോടെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ ഉന്നത അധികാരികളുടെ അനുമതി വേണമെന്ന് പ്രതിഭാഗം വാദിച്ചിരുന്നു.

എന്നാല്‍ പോക്‌സോ നിയമത്തിലെ സെക്ഷന്‍ 19 പ്രകാരം, കുറ്റകൃത്യം നടന്നെന്ന് അറിഞ്ഞാല്‍ അധികാരികളെ വിവരമറിയിക്കാനുള്ള നിയമപരമായ ബാധ്യത ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും കോടതി പറഞ്ഞു.

ലൈംഗിക കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാനോ രേഖപ്പെടുത്താനോ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി. പോക്‌സോ നിയമം അനുസരിച്ച് അനുമതി നിര്‍ബന്ധമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

2020 ഡിസംബര്‍ 12നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2020 നവംബര്‍ 25ന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം ആശുപത്രി അധികൃതര്‍ അറിഞ്ഞിട്ടുണ്ട്. വിവരം പൊലീസിനെ അറിയിക്കാതിരുന്നതിനെ തുടര്‍ന്ന് കേസിലെ അന്വേഷണം മൂന്നാഴ്ച വൈകുകയാണ് ഉണ്ടായത്.

Content Highlight: High Court says no prior permission required to prosecute government officials who fail to report POCSO offenses on time