| Wednesday, 12th June 2019, 3:49 pm

പെരിയ ഇരട്ടക്കൊലപാതകം: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് വാദത്തിനിടെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് വാദത്തിനിടെ ഹൈക്കോടതി. നിലവിലെ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് തോന്നുന്നില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഹര്‍ജിയും പ്രതികളുടെ ജാമ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിച്ചിരുന്നു. ഇതിനിടെയാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ആശങ്കകള്‍ മാത്രമാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഉള്ളത്. പ്രതികള്‍ എല്ലാവരും പൊലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നില്ലേയെന്നും ഹര്‍ജിയില്‍ വാദം കേള്‍ക്കവേ കോടതി ചോദിച്ചു.

സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച ആയുധങ്ങള്‍ പരിശോധിക്കാന്‍ ഫോറന്‍സിക് സര്‍ജനെ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും വാദത്തിനിടെ കോടതി ചോദിച്ചു.

അതിനിടെ, ജാമ്യാപേക്ഷ കൈകാര്യം ചെയ്തതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്ന് കോടതി വിമര്‍ശിച്ചു. ജാമ്യാപേക്ഷ കേള്‍ക്കുന്നത് നീട്ടിവെയ്ക്കണമെന്ന ആവശ്യമാണ് വിമര്‍ശനത്തിനു കാരണം.

കേസ് വിവരങ്ങള്‍ ഡി.ജി.പി ഓഫീസ് പ്രോസിക്യൂട്ടര്‍മാര്‍ക്ക് യഥാസമയം കൈമാറുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. ഡി.ജി.പി ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ടയുണ്ടോയെന്ന് കോടതി ചോദിച്ചു.

പൊലീസ് റിപ്പോര്‍ട്ടുകള്‍ യഥാസമയം കോടതിയില്‍ ഹാജരാക്കാന്‍ നടപടി സ്വീകരിക്കേണ്ടത് ഡി.ജി.പിയുടെ ഓഫീസാണ്. എന്നാല്‍ ഇതില്‍ വീഴ്ച വരുന്നുണ്ട്. ഡി.ജി.പിയുടെ ഓഫീസ് ഈ നില തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി.

കേസ് ഇനി മാറ്റിവെയ്ക്കില്ലെന്ന് പറഞ്ഞ കോടതി ഡി.ജി.പി മൂന്ന് മണിക്ക് നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശിച്ചു. ഒഴിവുകഴിവുകള്‍ നിരത്തി ജാമ്യാപേക്ഷ നീട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഇടതുമുന്നണിയുടെ പരാജയത്തിന് കാരണം മുഖ്യമന്ത്രി മാത്രമല്ല; കൂട്ടുത്തരവാദിത്തം: പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി
കേസിലെ രണ്ട്, ഒന്‍പത്, പത്ത് പ്രതികളുടെ ജാമ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലുളള കൊലപാതകമെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത് കുറ്റപത്രത്തില്‍ എങ്ങനെ വ്യക്തി വൈരാഗ്യമായെന്ന് കോടതി കഴിഞ്ഞദിവസം ചോദിച്ചിരുന്നു.

ഒരാളോടുള്ള വ്യക്തിവൈരാഗ്യത്തിന് എന്തിനാണ് പ്രതികള്‍ രണ്ടുപേരെ കൊലപ്പെടുത്തിയതെന്നും കോടതി ചോദിച്ചിരുന്നു.

ഫെബ്രുവരി പതിനേഴിനാണ് കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സി.പി.ഐ.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പിതാംബരനാണ് കേസിലെ ഒന്നാം പ്രതി.

We use cookies to give you the best possible experience. Learn more