| Wednesday, 17th January 2024, 3:40 pm

തലാഖ് രേഖപ്പെടുത്താന്‍ റജിസ്ട്രാര്‍ക്ക് അധികാരമുണ്ട്; വിവാഹ മോചിതയായ മുസ്‌ലിം സ്ത്രീയെ കോടതിയിലേക്ക് വരുത്തേണ്ടതില്ല: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തലാഖ് രേഖപ്പെടുത്താന്‍ വിവാഹ മോചിതയായ മുസ്‌ലിം സ്ത്രീയെ കോടതിയിലേക്ക് വരുത്തേണ്ടതില്ലെന്ന് ഹൈക്കോടതി. വിവാഹം രേഖപ്പെടുത്താന്‍ അധികാരമുള്ള ലോക്കല്‍ റജിസ്ട്രാര്‍ക്ക് വിവാഹ മോചനവും രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. വിവാഹമോചനം രേഖപ്പെടുത്താന്‍ വിസമ്മതിച്ച റജിസ്ട്രാര്‍ക്കെതിരെ നല്‍കിയ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം.

2012 ഡിസംബര്‍ 30ന് ആണ് വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഹരജിക്കാരിയുടെ വിവാഹം നടന്നത്. പിന്നാലെ ചട്ടപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ 2014 ഒക്ടോബര് 30ന് തലാഖ് ചൊല്ലി പങ്കാളി വിദേശത്തേക്ക് പോവുകയും ചെയ്തു.

തലാഖ് ചൊല്ലിയ വിവരം മഹല്ല് കമ്മിറ്റിയെ അറിയിക്കുകയും മഹല്ല് കമ്മിറ്റി ഹരജിക്കാരിക്ക് വിവാഹ മോചന സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമുണ്ടായി. തുടര്‍ന്ന് ചട്ടപ്രകാരമുള്ള രജിസ്റ്ററില്‍ മാറ്റം വരുത്താനായി അപേക്ഷ നല്‍കിയെങ്കിലും നിയമപ്രകാരം തനിക്കതിനുള്ള അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരിയുടെ ആവശ്യം നഗരസഭാ ലോക്കല്‍ രജിസ്ട്രാര്‍ തള്ളി.

വിവാഹ മോചനം രേഖപ്പെടുത്താന്‍ 2008ലെ നിയമനുസരിച്ച് കഴിയുകയില്ലെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതിനുള്ള അധികാരമുണ്ടെന്നും കോടതി പറഞ്ഞു. കോടതിയുടെ അനുമതിയില്ലാതെ തലാഖ് രേഖപ്പെടുത്താനും ചട്ടപ്രകാരമുള്ള വിവാഹമോചനം രേഖപ്പെടുത്താനും റജിസ്ട്രാര്‍ക്ക് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

മുസ്‌ലിം വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹം ചെയ്തതിന് ശേഷം 2008ലെ വിവാഹ രജിസ്ട്രേഷന്‍ നിയമമനുസരിച്ച് വിവാഹം രേഖപ്പെടുത്തണം. പിന്നീട് വ്യക്തി നിയമപ്രകാരം തലാഖ് ചൊല്ലി പുരുഷന്മാര്‍ക്ക് പുനര്‍വിവാഹം ചെയ്യാവുന്നതാണ്. അതേസമയം വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാത്ത പക്ഷം സ്ത്രീകള്‍ക്ക് പുനര്‍വിവാഹം ചെയ്യാന്‍ കഴിയുകയില്ല.

Content Highlight: High Court says divorced Muslim woman need not be brought to court to register talaq

We use cookies to give you the best possible experience. Learn more