| Sunday, 26th November 2023, 9:01 pm

റോബിനും പുഞ്ചിരിക്കും തിരിച്ചടി; ഓള്‍ ഇന്ത്യന്‍ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കരുത്: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഓള്‍ ഇന്ത്യന്‍ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നിയമനടപടിയും പിഴയും ചുമത്താന്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ പിഴ ചുമത്തപ്പെട്ട കൊല്ലം ജില്ലയിലെ പുഞ്ചിരി എന്ന ബസ് ഉടമകളുടെ പരാതിയിലാണ് കോടതിയുടെ നിര്‍ണായക വിധി.

കൊല്ലം സ്വദേശികളുടെ പരാതി നിരീക്ഷിച്ചതില്‍ പുഞ്ചിരി ബസിന്റെ ഉടമകള്‍ കോടതിയില്‍ 50 ശതമാനം പിഴ കെട്ടിവെക്കണമെന്നും ബാക്കി തുക കേസിന്റെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം അടക്കണമെന്നും കോടതി പറഞ്ഞു.

അതേസമയം ഓള്‍ ഇന്ത്യന്‍ ടൂറിസ്റ്റ് പെര്‍മിറ്റ് ഉള്ള വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാമെന്ന അവകാശവാദങ്ങള്‍ നിലനിന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ നിരവധി സ്വകാര്യ ബസുകള്‍ സര്‍വീസുകളും നടത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് കെ.എസ്.ആര്‍.ടി.സിയും ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

നിലവില്‍ നിയമം ലംഘിച്ച് സര്‍വീസ് നടത്തിയ റോബിന്‍ ബസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കവെയാണ് കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. കോടതിയുടെ നിരീക്ഷണം നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെയും ഉടമകള്‍ക്കെതിരെയും നടപടിയെടുക്കാന്‍ എം.വി.ഡി ഉദ്യോഗസ്ഥര്‍ക്ക് കൂടതല്‍ സഹായകമാവും.

Content Highlight: High Court says All India Tourist Permit vehicles should not be used as stage carriages

We use cookies to give you the best possible experience. Learn more