| Thursday, 2nd June 2022, 10:04 pm

സാധാരണ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് വിവേചനം; കെ.എസ്.ആര്‍.ടി.സിയോട് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പളം നല്‍കുന്നതില്‍ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി.
സാധാരണക്കാരായ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത് അംഗീകരിക്കാനികില്ലെന്ന് കോടതി പറഞ്ഞു.

തങ്ങള്‍ക്ക് ശമ്പളം നല്‍കാത്തിടത്തോളം ഉന്നത ഓഫീസര്‍മാരുടെയും ശമ്പളം തടയണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ദുര്‍ഗതി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ജീവനക്കാരുടെ ഹരജിയില്‍ മറുപടി നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം നല്‍കേണ്ടതാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ശമ്പളം നല്‍കുന്ന രീതി തടയാന്‍ നടിക്കില്ലെന്നും കോടതിയുടെ മുന്നറിയിപ്പുണ്ട്.

അതേസമയം, കെ.എസ്.ആര്‍.ടിസിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. മിനിമം സബ്സിഡി അടിസ്ഥാനത്തിലായിരിക്കും ഇതെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

സ്വയംപര്യാപ്തമാകും വരെ കെ.എസ്.ആര്‍.ടി.സിയുടെ ബാങ്ക് കണ്‍സോര്‍ഷ്യം വായ്പകള്‍ സര്‍ക്കാര്‍ തിരിച്ചടക്കും. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങുമെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉണ്ട്. മുന്നോട്ടു പോകാന്‍ കേന്ദ്ര നിര്‍ദേശം ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശിച്ചു.

ഡി.പി.ആര്‍ റെയില്‍ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകള്‍ക്ക് അനുമതി കിട്ടിയാല്‍ നടപ്പാക്കും. ഇതിന്റെ പുതുക്കിയ ഡി.പി.ആര്‍ തയ്യാറാക്കാന്‍ കൊച്ചി മെട്രോയെ ഏല്‍പിക്കും.

തുടങ്ങിവച്ച കിഫ്ബി പദ്ധതികള്‍ മുഴുവന്‍ 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. കിഫ്ബിയുടെ തിരിച്ചടവ് സര്‍ക്കാര്‍ ബാധ്യത അല്ല. വരുമാനത്തില്‍ നിന്ന് തിരിച്ചടവ് ഉറപ്പാക്കാനുള്ള ജാഗ്രത കിഫ്ബി പാലിക്കുന്നുണ്ട്. കിഫ്ബി വഴി കൂടുതല്‍ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നത് ഗൗരവമായ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഉണ്ടാകൂ എന്നും സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

CONTENT HIGHLIGHTS: High Court said that there should be no discrimination in the payment of salaries in KSRTC.

We use cookies to give you the best possible experience. Learn more