|

ദല്‍ഹിയില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് താത്ക്കാലികമായി നിര്‍ത്തിവെക്കണം: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കണമെന്ന ദല്‍ഹി ഹൈക്കോടതി ഉത്തരവ് താത്ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി. ദല്‍ഹിയില്‍ ആയുഷ്മാന്‍ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രവുമായി കരാര്‍ ഒപ്പിടാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.

കരാര്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി നിര്‍ദേശത്തിനെതിരെ ദല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ഉത്തരവ്.

ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടാനായിരുന്നു എ.എ.പി സര്‍ക്കാരിനോട് ദല്‍ഹി ഹൈക്കോടതി പറഞ്ഞിരുന്നത്.

കേന്ദ്രവും ദല്‍ഹി സര്‍ക്കാരും തമ്മിലുള്ള അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട വിഷയം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതിയില്‍ ദല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു സിങ്‌വി പറഞ്ഞു.

നയപരമായ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിടാന്‍ നിര്‍ബന്ധം പറയാന്‍ ഹൈക്കോടതിക്ക് എങ്ങനെ സാധിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി ദല്‍ഹിയില്‍ നടപ്പാക്കുന്നതിനെ ദല്‍ഹി സര്‍ക്കാര്‍ മുമ്പും എതിര്‍ത്തിരുന്നു. നിലവിലുള്ള ആരോഗ്യ സംരക്ഷണ സംരംഭങ്ങളെ തരം താഴ്ത്തുന്നതിന് തുല്യമാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന. പദ്ധതി പ്രകാരം 70 വയസിന് മുകളിലുള്ളവര്‍ക്ക് പ്രതിവര്‍ഷം ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം.

പ്രധാന ശസ്ത്രക്രിയകള്‍, വിട്ടുമാറാത്ത രോഗത്തിനുള്ള ചികിത്സ, പ്രായാധിക്യം മൂലമുള്ള ഹെല്‍ത്ത് കെയര്‍ സര്‍വീസുകളും ഉള്‍പ്പെടെയുള്ള ചെലവുകള്‍ പദ്ധതിയിലുള്‍പ്പെടുന്നുണ്ടെന്നും കേന്ദ്രം പറയുന്നു.

Content Highlight: High Court’s order to implement Ayushman Bharat scheme in Delhi should be temporarily stayed: Supreme Court