കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹരജി ഹൈക്കോടതി തള്ളി. കെ.പി.സി.സി. അംഗം നൗഷാദലി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പരിഷ്‌കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് എല്‍.പി. ഭാട്യ അധ്യക്ഷത വഹിച്ച ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഭരണപരിഷ്‌കരങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ കോടതി ഇത് അനുവദിച്ചിരുന്നില്ല. പകരം വിശദീകരണം ചോദിച്ച് കേന്ദ്രത്തിനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും കത്തയച്ചു.
പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുന്നത് പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതിനു ശേഷമാവും പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക എന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വിശദീകരണം നല്‍കിയിരുന്നു.
അതേസമയം, അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ലക്ഷദ്വീപില്‍ ആരംഭിച്ച ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചു. അഡ്മിനിസ്ട്രേഷന്റെ ഈ നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്നാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്.
സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന കൊടികള്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. ഭൂവുടുമകളെ അറിയിക്കാതെ സ്വകാര്യ ഭൂമി ഏറ്റെടുത്തതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്.
കവരത്തിയിലെ ഇരുപതോളം സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളാണ് ഏറ്റെടുത്തിരുന്നത്. കൊടികള്‍ കണ്ടപ്പോഴാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞതെന്ന് സ്ഥലം ഉടമകള്‍ പറഞ്ഞിരുന്നു. എന്തിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതെന്ന് പ്രദേശവാസികളില്‍ ആരെയും അറിയിച്ചിരുന്നില്ല.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട എല്‍.ഡി.എ.ആറിന്റെ കരടു രൂപരേഖ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ കൂടിയായിരുന്നു ലക്ഷദ്വീപില്‍ വലിയ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ഉടമകളുടെ അനുവാദം കൂടാതെ തന്നെ ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിന് അനുവാദം നല്‍കുന്ന രീതിയിലായിരുന്നു പുതിയ നിയമം.