മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ മലയാളികള്‍ക്ക് സംശയമില്ല; പിഴയീടാക്കേണ്ട കേസാണെങ്കിലും ഒഴിവാക്കുന്നു; തമിഴ്‌നാട് സ്വദേശിയോട് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.
ഹരജിക്കാരന്‍ വ്യാഴാഴ്ച നേരിട്ട് ഹാജരാകണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് മാര്‍ത്താണ്ഡം സ്വദേശിയായ ഡി. ഫ്രാന്‍സിസ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് തനിക്ക് ഇപ്പോള്‍ സംശയങ്ങളൊന്നും ഇല്ലെന്ന് അദ്ദേഹം കോടതിയെ അറിയിക്കുകയായിരുന്നു. ഹരജിയില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് ഹരജിക്കാരന്റെ നടപടിക്കെതിരെ ഹൈക്കോടതി രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ മലയാളികള്‍ക്ക് സംശയമില്ലെന്നും പിഴയീടാക്കേണ്ട കേസാണെങ്കിലും വെറുതെ വിടുകയാണെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് പി. ഉബൈദ് പറഞ്ഞു.
ചൊവ്വാഴ്ച ഹാജരായി വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടും എത്താത്ത സാഹചര്യത്തിലായിരുന്നു കോടതി കഴിഞ്ഞ ദിവസം ഹരജിക്കാരന് അന്ത്യശാസനം നല്‍കിയത്.
കേസിന്റെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടായ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കു വേണ്ടി ഹരജിക്കാരനോട് നേരിട്ട് ഹാജരാകാന്‍ കോടതി നേരത്തെ ഉത്തരവിട്ടത്.
ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ കന്യാകുമാരിയില്‍ നിന്ന് ഹൈക്കോടതിയിലെത്താന്‍ പ്രയാസമായതിനാലാണ് വരാതിരുന്നതെന്നായിരുന്നു ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കന്യാകുമാരിയില്‍ നിന്നെത്തി ഹരജി നല്‍കുന്നയാള്‍ക്ക് കൊച്ചിയില്‍ എത്താനാവുമെന്ന് കോടതി പറഞ്ഞു. തുടര്‍ന്നായിരുന്നു ഇന്ന് തന്നെ കോടതിയിലെത്താന്‍ അന്ത്യശാസനം നല്‍കിയത്.
2016 ഡിസംബറില്‍ യു.എ.ഇയിലേക്കും 2018 ജൂലൈയില്‍ അമേരിക്കയിലേക്കും മുഖ്യമന്ത്രി നടത്തിയ യാത്രകളുടെ ചെലവ് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജിക്കാരന്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്.