ജയരാജനെതിരായ യു.എ.പി.എ നിലനില്‍ക്കും; പി.ജയരാജന്റെ ഹര്‍ജി ഹൈക്കോടതി തളളി
Kathiroor Manoj Murder
ജയരാജനെതിരായ യു.എ.പി.എ നിലനില്‍ക്കും; പി.ജയരാജന്റെ ഹര്‍ജി ഹൈക്കോടതി തളളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd April 2018, 2:37 pm

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

കേസില്‍ 25ാം പ്രതിയാണ് ജയരാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് യു.എ.പി.എ ചുമത്തിയതെന്നായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. നേരത്തെ പി.ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.

ഈ സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ചിനെ ജയരാജന്‍ സമീപിച്ചത്. നേരത്തെ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് കതിരൂര്‍ മനോജ് വധക്കേസില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.


Also Read:  ഇറാഖില്‍ ഐ.എസ്.ഐ.എസ് ഭീകരര്‍ കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തും


സര്‍ക്കാര്‍ പ്രതികളെ സഹായിക്കുകയാണോ എന്നായിരുന്നു കോടതി ചോദിച്ചത്. കേസില്‍ യു.എ.പി.എ പ്രകാരം പ്രോസിക്യൂഷന് കേന്ദ്രം നല്‍കിയ അനുമതി ചോദ്യം ചെയ്ത് പ്രതികളിലൊരാളായ പി.ജയരാജന്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ക്ക് അനുകൂലമായി നിലപാട് എടുത്തതിലായിരുന്നു കോടതിയുടെ വിമര്‍ശനം.

2014 സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. വാനോടിച്ച് വരികയായിരുന്ന മനോജിനെ ബോംബ് എറിഞ്ഞ ശേഷം വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. പി. ജയരാജനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയായിരുന്നു മനോജ്.

Watch This Video: