Kerala News
മാവോയിസ്റ്റ് രൂപേഷിനെതിരെ യു.എ.പി.എ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 18, 03:04 am
Friday, 18th March 2022, 8:34 am

കൊച്ചി: മാവോയിസ്റ്റ് രൂപേഷിനെതിരെ യു.എ.പി.എ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് യു.എ.പി.എ കേസുകളാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

യു.എ.പി.എ ചുമത്തിയതിനെതിരെ രൂപേഷ് നല്‍കിയ ഹരജി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

‘യു.എ.പി.എയുടെ അനുമതി ഉത്തരവ് നിയമപരമായി യഥാസമയം പുറത്തുകൊണ്ടുവന്നിട്ടില്ലെന്ന് മനസിലായി. യു.എ.പി.എ ചുമത്താന്‍ മതിയായ തെളിവുകള്‍ സര്‍ക്കാര്‍ ഹാജരാക്കിയിട്ടില്ല,’ കോടതി നിരീക്ഷിച്ചു.

രൂപേഷിനെതിരെയുള്ള കേസുകളില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് സുപ്രീംകോടതി കേസ് വീണ്ടും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രൂപേഷ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്. കേരളത്തിലെ വിവിധ ജില്ലകളില്‍ ക്വാറികള്‍ ആക്രമിച്ചതടക്കമുള്ള കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

യു.എ.പി.എ ഇല്ലാതായാലും രൂപേഷിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല. മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രൂപേഷിനെതിരെ വേറെയും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.


Content Highlights: High court quashes UAPA charges against Maoist Rupesh