national news
മാഗി നൂഡിൽസിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് നെസ്‌ലെ ഉദ്യോഗസ്ഥർക്കെതിരായ ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 12, 05:27 am
Wednesday, 12th February 2025, 10:57 am

ന്യൂദൽഹി: മാഗി ഇൻസ്റ്റന്റ് നൂഡിൽസിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ നെസ്‌ലെ ഉദ്യോഗസ്ഥർക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കി ബോംബൈ ഹൈക്കോടതി. ഭക്ഷ്യസുരക്ഷാ നിയമത്തിലെ പ്രധാന മാനദണ്ഡമായ സാധുവായ ലബോറട്ടറി റിപ്പോർട്ട് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയത്.

2016 ഏപ്രിൽ നാലിന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥൻ നാഗ്പൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ സമർപ്പിച്ച കേസിൽ നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് ഉദ്യോഗസ്ഥർക്കെതിരായ ക്രിമിനൽ നടപടിയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് റദ്ദാക്കിയത്.

ഭക്ഷ്യ സാമ്പിൾ പരിശോധനയുടെ നടപടിക്രമങ്ങളിലെ പിഴവുകൾ നിരീക്ഷിച്ച ജസ്റ്റിസ് ഊർമ്മിള ജോഷി ഫാൽക്കെയുടെ ബെഞ്ചാണ് നടപടി റദ്ദാക്കിയത്. നാഗ്പൂരിലെയും ഗോവയിലെയും നെസ്‌ലെ ഇന്ത്യ ഉദ്യോഗസ്ഥർ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.

2006 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമത്തിലെ (എഫ്.എസ്.എസ് ആക്ട്) ഒന്നിലധികം വ്യവസ്ഥകൾ കമ്പനി ലംഘിച്ചുവെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ ഓഫീസർ കിരൺ രംഗസ്വാമി ഗെഡാം 2016 ൽ സമർപ്പിച്ച പരാതിയെ തുടർന്നാണ് കേസ്.

പരാതി പ്രകാരം, 2015 ഏപ്രിൽ 30ന് നാഗ്പൂരിനടുത്തുള്ള നെസ്‌ലെയുടെ ലോജിസ്റ്റിക് ഹബ്ബിൽ ഭക്ഷ്യ സുരക്ഷാ സംഘം പരിശോധന നടത്തുകയും മാഗി ഇൻസ്റ്റന്റ് നൂഡിൽസിന്റെ സാമ്പിളുകൾ ടേസ്റ്റ് മേക്കറിൽ ശേഖരിക്കുകയും ചെയ്തിരുന്നു.

പൂനെയിലെ സംസ്ഥാന പൊതുജനാരോഗ്യ ലബോറട്ടറിയിലാണ് സാമ്പിളുകൾ ആദ്യം പരിശോധിച്ചത്, അതിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തി. എന്നിരുന്നാലും, നിയുക്ത ഉദ്യോഗസ്ഥൻ രണ്ടാമതൊരു അഭിപ്രായം തേടുകയും സാമ്പിളുകൾ ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് അയയ്ക്കുകയും ചെയ്തു.

2015 ഡിസംബർ 31ന് പുറത്തിറങ്ങിയ ഗാസിയാബാദ് ലാബ് റിപ്പോർട്ടിൽ, അനുവദനീയമായതിലും അളവിൽ ഉയർന്ന ഉണങ്ങിയ ചാരത്തിന്റെ അളവും കുറഞ്ഞ നൈട്രജൻ അളവും കാരണം നൂഡിൽസ് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. ഈ റിപ്പോർട്ട് പ്രകാരം നെസ്‌ലെ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തു.

സാമ്പിളുകൾ വിശകലനം ചെയ്ത സമയത്ത് ഗാസിയാബാദ് ലബോറട്ടറിക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (NABL) അംഗീകാരം നൽകിയിട്ടില്ലെന്ന് നെസ്‌ലക്ക്‌ വേണ്ടി വാദിച്ച അഭിഭാഷകൻ എസ്.വി. മനോഹർ വാദിച്ചു.

എഫ്.എസ്.എസ് നിയമത്തിലെ സെക്ഷൻ 43 പ്രകാരം, എൻ.എ.ബി.എൽ അംഗീകൃത ലാബുകൾക്ക് മാത്രമേ ഇത്തരം പരിശോധനകൾ നടത്താൻ കഴിയൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. 2016 ഡിസംബർ 15ന് മാത്രമാണ് ലാബിന് എൻ.എ.ബി.എൽ അംഗീകാരം ലഭിച്ചത് അതിനാൽ ലാബ് നൽകിയ റിപ്പോർട്ട് നിയമപരമായി അസാധുവാണെന്ന് കോടതി പറഞ്ഞു.

 

കൂടാതെ ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയ ഉത്പ്പന്നം 2015 മാർച്ചിൽ നിർമിച്ചതാണ്, അത് ഒമ്പത് മാസം മാത്രമേ ഒപ്റ്റിമൽ അവസ്ഥയിൽ ഉണ്ടായിരുന്നുള്ളൂ. റഫറൽ ഫുഡ് ലബോറട്ടറി പരിശോധിക്കുമ്പോൾ സാമ്പിൾ ഉത്പന്നത്തിന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞിരുന്നെന്നും അഭിഭാഷകൻ വാദിച്ചു.

Content Highlight: High Court quashes criminal case against Nestlé officials over Maggi noodles