കൊച്ചി: ഉമ തോമസ് എം.എല്‍.എ വീണ് പരിക്കേറ്റ കലൂരിലെ നൃത്തപരിപാടിയുടെ സംഘാടകരോട് പൊലീസില്‍ കീഴടങ്ങാന്‍ ഉത്തരവിട്ട് ഹൈക്കോടതി. മൃദംഗ വിഷന്‍, ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമകള്‍ എന്നിവരോടാണ് വ്യാഴാഴ്ച്ച പൊലീസിന് മുന്നില്‍ ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചത്.
കൊച്ചി: ഉമ തോമസ് എം.എല്‍.എ വീണ് പരിക്കേറ്റ കലൂരിലെ നൃത്തപരിപാടിയുടെ സംഘാടകരോട് പൊലീസില്‍ കീഴടങ്ങാന്‍ ഉത്തരവിട്ട് ഹൈക്കോടതി. മൃദംഗ വിഷന്‍, ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമകള്‍ എന്നിവരോടാണ് വ്യാഴാഴ്ച്ച പൊലീസിന് മുന്നില്‍ ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചത്.
പരിപാടി സംഘടിപ്പിക്കുന്നതില്‍ വലിയ രീതിയിലുള്ള വീഴ്ച്ചകള്‍ സംഭവിച്ചതായി പൊലീസും ഫയര്‍ ഫോഴ്‌സും പൊതു മരാമത്ത് വകുപ്പും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പരിപാടിയുടെ സ്റ്റേജ് നിര്‍മിച്ചത് അപകടകരമായ രീതിയില്‍ ആയിരുന്നെന്നും ചില ഭാഗങ്ങളില്‍ വേണ്ടത്ര ഉറപ്പില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റ് തടയുന്നതിനായി സംഘാടകര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതിനാല്‍ പൊലീസിനോട് കൂടുതല്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന് കോടതി ആവശ്യപ്പെടുകയായിരുന്നു.
പരിപാടിക്കിടെയുണ്ടായ വീഴ്ച്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എല്‍.എയ്ക്ക് മരണം വരെ സംഭവിക്കാം എന്ന് ചൂണ്ടിക്കാണിച്ച് മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പുകള്‍ അടക്കം പ്രതികള്‍ക്കെതിരെ കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേജ് നിര്‍മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷന്‍ സി.ഇ.ഒ ഷെമീര്‍ അബ്ദുല്‍ റഹീം, ഓസ്‌കാര്‍ ഇവന്റ്‌സ് മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
വി.ഐ.പി സ്റ്റേജിന് അടുത്തായി ആംബുലന്‍സ് സൗകര്യം ഇല്ലാതിരുന്നത് എം.എല്‍.എയ്ക്ക് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാന്‍ വൈകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലന്‍സിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അതേസമയം ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉമ തോമസ് കണ്ണു തുറന്നതായും കൈകാലുകള്‍ അനക്കിയതായും മകന്‍ പറയുകയുണ്ടായി.
Content Highlight: High Court orders Mridanga Vision organizers to surrender to police