കൊച്ചി: പാലക്കാട് മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും സംസ്‌കരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതില്‍ അന്വേഷണം വേണമെന്നും പൊലീസുകാര്‍ മുന്‍പു കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്നന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
‘ഏറ്റുമുട്ടലിനുള്ള സാഹചര്യവും മരണകാരണവും ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കണം. ആയുധങ്ങള്‍ ശാസ്ത്രീയപരിശോധനയ്ക്കു വിധേയമാക്കണം. പരിശോധനാഫലം ഉടന്‍ സെഷന്‍സ് കോടതിക്കു നല്‍കണം. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ പരാതിക്കാര്‍ക്ക് സെഷന്‍സ് കോടതിയെ സമീപിക്കാം.’- കോടതി വ്യക്തമാക്കി.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലപ്പെട്ട മണിവാസകം, കാര്‍ത്തി എന്നിവരുടെ സഹോദരങ്ങളാണു ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മഞ്ചിക്കണ്ടിയിലേതു വ്യാജ ഏറ്റുമുട്ടലാണെന്നും പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം വേണമെന്നുമായിരുന്നു ഹരജിക്കാര്‍ ആവശ്യപ്പെട്ടത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇവ സംസ്‌കരിക്കുന്നതു കോടതി തന്നെ നേരത്തേ തടഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഹൈക്കോടതി നിര്‍ദേശത്തെ സി.പി.ഐ സ്വാഗതം ചെയ്തു. മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്നും പൊലീസ് ഏകപക്ഷീയമായി വെടിവെച്ചതാണെന്നുമാണ് സി.പി.ഐ നിലപാട്.