കൊച്ചി: മുന്‍ രാജകുടുംബാംഗങ്ങളുടെ പെന്‍ഷന്‍ വര്‍ധനയില്‍ ഉത്തരവുമായി ഹൈക്കോടതി. 2017ലെ പെന്‍ഷന്‍ വര്‍ധനക്ക് മുന്‍കാല പ്രാബല്യം നല്‍കികൊണ്ട് മൂന്ന് മാസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. ക്ഷത്രിയ ക്ഷേമസഭയും രാജകുടുംബാംഗങ്ങളായ ബി.എല്‍. കേരള വര്‍മ തമ്പാനടക്കം 38 ആളുകള്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് പി. ഗോപിനാഥാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്.
2017 ഒക്ടോബര്‍ 29ന് പെന്‍ഷന്‍ 3000 രൂപയായി വര്‍ധിപ്പിച്ചപ്പോള്‍ മുന്‍കാല പ്രാബല്യം സര്‍ക്കാര്‍ മുന്‍ രാജകുടുംബാംഗങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളോട് വിവേചനം കാണിക്കുന്നത് എന്തിനാണെന്ന് കോട്ടയം മീനച്ചിലിലെ ഞാവക്കാട്ട് കുടുംബാംഗങ്ങള്‍ക്ക് പെന്‍ഷന്‍ വര്‍ധിപ്പിച്ച സര്‍ക്കാരിന്റെ തീരുമാനത്തെ ഉദ്ധരിച്ചുകൊണ്ട് കോടതി ചോദിച്ചു.
വര്‍ധന നടപ്പാക്കേണ്ടത് ഏത് ദിവസം മുതലാണെന്ന് തീരുമാനിച്ച് ഉത്തരവ് പുറപ്പെടുവിക്കാനാണ് കോടതി നിര്‍ദേശം. പൊതുഭരണ സെക്രട്ടറിക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
രാഷ്ട്രീയപരമായ വിവേചനമാണ് തങ്ങള്‍ക്കെതിരെ നടക്കുന്നതെന്നാണ് ഹരജിയില്‍ പരാതിക്കാര്‍ പറയുന്നത്. ഞാവക്കാട്ട് കുടുംബങ്ങളുടെ പെന്‍ഷന്‍ തുക 600ല്‍ നിന്ന് 3000 ആക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ മുന്‍കാല പ്രാബല്യത്തിലാക്കിയിരുന്നു.
മുന്‍ രാജകുടുംബങ്ങളില്‍ 1949നുമുമ്പ് ജനിച്ചവര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ നിലവില്‍ ലഭിക്കുന്നത്. എന്നാല്‍ ഇത് ഞാവക്കാട്ട് കുടുംബത്തിന് ബാധകമല്ല.
നല്‍കേണ്ട പെന്‍ഷന്‍ തുക എത്രയാണെന്ന് തീരുമാനിക്കേണ്ടത് നയപരമായ നീക്കണമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
അതേസമയം എല്ലാ കുടുംബാംഗങ്ങള്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടെന്ന് വിവേചനം പാടില്ലെന്ന മുന്‍കാല ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി കോടതി അറിയിച്ചു.
Content Highlight: High Court orders increase in pension of former royal family members