കൊച്ചി: മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോടതി ഉത്തരവ്. സി.ബി.ഐ കൊച്ചി യൂണിറ്റിനാണ് കേസിന്റെ അന്വേഷണ ചുമതല.
ഉടന്‍ തന്നെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ സി.ബി.ഐക്ക് കൈമാറണമെന്ന് വിജിലന്‍സിന് കോടതിയുടെ നിര്‍ദേശമുണ്ട്.
ജസ്റ്റിസ് കെ. ബാബു ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. 2018ല്‍ സാമൂഹിക പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹരജിയിലാണ് നടപടി.
2015ല്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ചുമതലയിലിരിക്കെ കെ.എം. എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ജോമോന്റെ ആരോപണം.
തുടര്‍ന്ന് കെ.എം. എബ്രഹാമിനെതിരായ പരാതി അന്വേഷണത്തിന് ശേഷം വിജിലന്‍സ് തള്ളുകയും ചെയ്തിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെയാണ് കേസില്‍ അന്വേഷണം നടന്നത്.
ഇതിനുപിന്നാലെയാണ് സര്‍ക്കാരിന് തിരിച്ചടിയെന്നോണം പരാതിയില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കോടതി ഉത്തരവിട്ടത്. ഒരു വര്‍ഷക്കാലമായി കേസില്‍ വാദം തുടരുകയായിരുന്നു.
നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കെ.എം. എബ്രഹാം. കിഫ്ബി സി.ഇ.ഒ പദവിയും കെ.എം. എബ്രഹാം വഹിക്കുന്നുണ്ട്.
Content Highlight: High Court orders CBI probe against former Chief Secretary K.M. Abraham for disproportionate assets