കൊച്ചി: ലിസ് സാമ്പത്തിക തട്ടിപ്പ് കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തായാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ടി.പി. സെന്‍കുമാറിനെതിരെ സി.ജെ.എം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ലിസ് കേസില്‍ തുടരന്വേഷണ ആവശ്യം എറണാകുളം സി.ജെ.എം കോടതി തള്ളിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസില്‍ സി.ജെ.എം കോടതിയുടെ ഇടപെടലിനെതിരെ നേതത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. കേസിന്റെ വിചാരണ നടപടികളില്‍ നടന്ന അവിഹിതമായ ഇടപെടലുകളെക്കുറിച്ച് ഡൂള്‍ന്യൂസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതെ തുടര്‍ന്ന് കേസിന്റെ വിചാരണ നടപടികളില്‍ നിന്ന് സി.ജെ.എം കോടതിയെ മാറ്റിയിരുന്നു.
തുടരന്വേഷണ ഹരജി തള്ളിക്കൊണ്ട് നേരത്തെ കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ഐ.ജി സെന്‍കുമാറിനെതിരെ സി.ജെ.എം കോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്. കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചെന്നും സെന്‍കുമാര്‍ കോടതിയെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കോടതി പറഞ്ഞിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഈ കേസില്‍ സെന്‍കുമാറിന്റെ കളിപ്പാവയായാണ് പ്രവര്‍ത്തിക്കുന്നത്. ചില കടലാസുപുലികളെ അഴിച്ചുവിട്ടും റിപ്പോര്‍ട്ടര്‍ ചാനലിനെ ഉപയോഗിച്ചും കോടതിക്കെതിരെ സ്‌തോഭജനകമായ വാര്‍ത്തകള്‍ പടച്ചുവിടുകയാണ് സെന്‍കുമാര്‍. സെന്‍കുമാര്‍ കോടതിയലക്ഷ്യ നടപടി ക്ഷണിച്ചുവരുത്തുകയാണെന്നും സി.ജെ.എം വ്യക്തമാക്കിയിരുന്നു. ഈ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
ലിസ് കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് കാണിച്ച് ഐ.ജി സെന്‍കുമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതോടെയാണ് തുടരന്വേഷണത്തിന് ആവശ്യമുയര്‍ന്നത്. കുറ്റപത്രത്തിലെ പിഴവുകളെക്കുറിച്ചും വിചാരണ അട്ടിമറിക്കപ്പെടുന്ന കാര്യവും നേരത്തെ ഡൂള്‍ന്യൂസ് പുറത്ത് വിട്ടിരുന്നു.
കേസില്‍ നിലവില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം പ്രതികളെ സഹായിക്കുന്ന തരത്തിലുള്ളതാണെന്ന് തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഈ രീതിയില്‍ കേസ് തുടര്‍ന്നാല്‍ പ്രതികള്‍ രക്ഷപ്പെടാനാണ് സാധ്യതയെന്നും പുതിയ കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി കൂടുതല്‍ അന്വേഷണം നടത്തണമെന്നും പോലീസ് അറിയിച്ചിരുന്നു. കേസിലെ ഒരു സാക്ഷിയെ ഇതേ ജഡ്ജ് അപമാനിച്ചു ഇറക്കിവിട്ട കാര്യവും ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെ ചില കേസുകളില്‍ ഇതേ സി.ജെ.എം പുറപ്പെടുവിച്ച ചില വിധികളെക്കുറിച്ച് ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ ഈ ജഡ്ജിയുടെ പ്രമൊഷന്‍ റദ്ദാക്കിയിരുന്നു.