തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി. അഭിഭാഷകനായ ബി.രാധാകൃഷ്ണന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ നിര്‍ദേശം.
ദേശീയ ദുരന്തനിവാരണ മാര്‍ഗനിര്‍ദേശങ്ങളിലെ ലെവല്‍-3 ദുരന്തമാണ് കേരളത്തിലേത്. ഈ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച ദുരിതാശ്വാസ നടപടികള്‍ വിശദീകരിക്കാനും കോടതി നിര്‍ദേശിച്ചു.
ലെവല്‍-3 ദുരന്തമുണ്ടായാല്‍ കേന്ദ്രസര്‍ക്കാരിന്റെ 18 മന്ത്രാലയങ്ങള്‍ സംസ്ഥാനത്തിന് അടിയന്തരസഹായമെത്തിക്കണമെന്ന നിബന്ധന പാലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രളയക്കെടുതി ലെവല്‍-3യില്‍ ഉള്‍പ്പെടുത്തിയതോടെ ദേശീയ ദുരന്തനിവാരണ പദ്ധതിയില്‍ കേരളം ഉള്‍പ്പെട്ടുവെന്നും അതിനാല്‍ ചട്ടങ്ങള്‍പ്രകാരം കൈക്കൊള്ളേണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും ഹരജിയില്‍ പറഞ്ഞു.
ശുചീകരണവും പുനരധിവാസവും ജില്ലാ ഭരണത്തിന്റെ പരിധിയില്‍ നില്‍ക്കില്ലെന്നും ദുരിതാശ്വാസക്യാമ്പുകളില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ഇല്ലെന്നും ഹരജിഭാഗം വാദിച്ചു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ തൃപ്തികരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.
ALSO READ: പ്രളയം; കേരളത്തിന് 2600 കോടിയുടെ പാക്കേജ് വേണം
ശുചീകരണത്തിനും ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും സര്‍ക്കാരിനൊപ്പം ശുചീകരണത്തിന് സന്നദ്ധപ്രവര്‍ത്തകരും രംഗത്തുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് ബോധിപ്പിച്ചു.
മെഡിക്കല്‍സഹായം ഉള്‍പ്പെടെ ക്യാമ്പുകളില്‍ എത്തിച്ചിട്ടുണ്ടെന്നും ശുചീകരണപ്രവര്‍ത്തികള്‍ ആരംഭിച്ചുകഴിഞ്ഞതായും എ.ജി വിശദീകരിച്ചു. പ്രളയദുരന്തവുമായി ബന്ധപ്പെട്ട കേസിനൊപ്പം പരിഗണിക്കാന്‍ ഹരജി 29 ലേക്ക് മാറ്റി.
നേരത്തെ പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്തുവെന്ന് ഹെക്കോടതി നിരീക്ഷിച്ചിരുന്നു.
WATCH THIS VIDEO: