കൊച്ചി: ശബരിമല ക്ഷേത്രം അടച്ചിടാന്‍ രക്തം ചിന്താന്‍ രാഹുല്‍ ഈശ്വര്‍ ആഹ്വാനം ചെയ്തെന്ന കേസില്‍ വാര്‍ത്താസമ്മേളനത്തിന്റെ സി.ഡി ഹാജരാക്കാന്‍ കോടതി നിര്‍ദേശം. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്ന്
രാഹുല്‍ എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഈ സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ശബരിമല സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നുദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും യുവതികള്‍ പ്രവേശിച്ചാല്‍ കയ്യില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.
സംഭവം വിവാദമായതോടെ രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാന കാര്യങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ യാതൊരു ബന്ധവുമില്ലെന്ന് തന്ത്രികുടുംബം വ്യക്തമാക്കിയിരുന്നു.
രാഹുലിന്റെ അഭിപ്രായങ്ങളോടും നടപടികളോടും തങ്ങള്‍ക്ക് യോജിപ്പില്ലെന്നും തന്ത്രികുടുംബത്തില്‍ രാഹുലിന് പിന്‍തുടര്‍ച്ചാവകാശവുമില്ലെന്നും തന്ത്രികുടുംബം പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ജെല്ലിക്കെട്ട് മാതൃകയില്‍ യുദ്ധം ചെയ്യണമെന്ന് രാഹുല്‍ ഈശ്വര്‍ ആഹ്വാനം ചെയ്തിരുന്നു. വിധിക്കെതിരെ ഭക്തരെല്ലാം തമിഴ് സഹോദരങ്ങള്‍ കാണിച്ചു തന്ന ജെല്ലിക്കെട്ട് മാതൃകയില്‍ യുദ്ധം ചെയ്യണമെന്നാണ് രാഹുല്‍ ഈശ്വര്‍ ആഹ്വാനം ചെയ്തിരുന്നത്.