കൊച്ചി: കാസര്‍ഗോഡ് കേരള കേന്ദ്ര സര്‍വകലാശാല ഇംഗ്ലീഷ് താരതമ്യ സാഹിത്യ പഠന വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് ഡോ. പ്രസാദ് പന്ന്യനെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഹൈക്കോടതി.
ഡോ. പ്രസാദ് പന്ന്യനെ ഡിപാര്‍ട്‌മെന്റ് തലവനായി എത്രയും പെട്ടെന്ന് തിരികെ നിയമിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ ഡോ. പ്രസാദ് പന്ന്യന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. കെ ജയപ്രസാദ്, ഇംഗ്ലീഷ് വിഭാഗത്തിലെ അസി. പ്രൊഫസര്‍ ഡോ. വെള്ളിക്കീല്‍ രാഘവന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാക്കിയായിരുന്നു ഡോ. പ്രസാദ് പന്ന്യന്‍ ഹരജി നല്‍കിയത്.
തെലങ്കാന സ്വദേശിയും ഭാഷാശാസ്ത്ര വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ത്ഥിയുമായ ഗന്തോട്ടി നാഗരാജുവിനെ കോളേജിലെ ഫയര്‍ അലാറത്തിന്റെ ചില്ലുപൊട്ടിച്ചു എന്നാരോപിച്ച് സര്‍വ്വകലാശാല അധികൃതര്‍ ബേക്കല്‍ പൊലീസിനു കൈമാറിയിരുന്നു ഇദ്ദേഹത്തെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ നാഗരാജുവിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പേരിലായിരുന്നു പ്രസാദ് പന്ന്യനെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തത്.
പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്; റാഫേല്‍ കേസില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസിന്റെ പടനീക്കം
സസ്പെന്‍ഷന്‍ സിവില്‍ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്നും അത് ഒരു വ്യക്തിയുടെ കരിയറിനെയും യശസ്സിനെയും ബാധിക്കുമെന്നും കേവലം ലഘുവായ ഒന്നായി അതിനെ കരുതാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുഹ്താഖ് ഉത്തരവില്‍ പറഞ്ഞു.
ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ എന്ന നിലയിലുള്ള ഡ്യൂട്ടിയില്‍ നിന്നും ഒരു വ്യക്തിയെ സസ്പെന്റ് ചെയ്യുന്നത് അദ്ദേഹത്തിന്റെ കരിയറിനും യശസിനും കളങ്കമുണ്ടാക്കുന്നതാണെന്നും ഒരു കാരണത്തെ അടിസ്ഥാനപ്പെടുത്തിയാണ് അത്തരമൊരു സസ്പെന്‍ഷന്‍ എങ്കില്‍ ആ കാരണത്തെ പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞു.
“”ഒരു പ്രവൃത്തിയിന്‍മേലുള്ള ഒരു അദ്ധ്യാപകന്റെ അഭിപ്രായ പ്രകടനം ഒരു വിമര്‍ശനമായി പരിഗണിക്കാന്‍ സാധിക്കുന്നതല്ല. തന്റെ പ്രവൃത്തിയെ ക്രിമിനല്‍വല്‍ക്കരിച്ചപ്പോള്‍ ഉണ്ടായ വേദനയിലുടെയും ആഘാതത്തിലൂടെയും കടന്നുപോയ ഒരു വിദ്യാര്‍ത്ഥിയോട് പ്രകടിപ്പിക്കുന്ന അനുകമ്പയാണ് പരാതിക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തിയിരുക്കുന്ന ലഘുപരാമര്‍ശത്തില്‍ കാണാന്‍ സാധിക്കുന്നത്.
വിമര്‍ശനത്തിന്റെ/അല്ലെങ്കില്‍ കമെന്റിന്റെ സ്വഭാവത്തെ ആശ്രയിച്ചുവേണം ദുര്‍നടപടി ആരോപിക്കപ്പെടേണ്ടത്. ഒരു ജീവനക്കാരനാണ് എന്ന ഒറ്റക്കാരണത്താല്‍ ഒരാളെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്നും തടയാന്‍ സാധിക്കുകയില്ല. ഒരു ജനാധിപത്യസമൂഹത്തില്‍ എല്ലാ സ്ഥാപനങ്ങളും ജനാധിപത്യ ആദര്‍ശങ്ങളാലാണ് (norms) നയിക്കപ്പെടേണ്ടത്. ആരോഗ്യകരമായ വിമര്‍ശനമാണ് പൊതുസ്ഥാപനങ്ങളെ ഭരിക്കുന്നതിനുള്ള ശരിയായ പാത.
അതുകൊണ്ട്, പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റിനെ സര്‍വ്വകലാശാലയുടെ കൂട്ടായ താല്‍പര്യത്തിന് ഹാനിയുണ്ടാക്കുന്ന ഒന്നായല്ല, മറിച്ച് ആരോഗ്യകരമായ ഒരു വിമര്‍ശനമായി വേണം കൈകാര്യം ചെയ്യേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ഞാന്‍ മേല്‍ സുചിപ്പിച്ച പോലെ സസ്പെന്‍ഷന്‍ സിവില്‍ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. അത് ഒരു വ്യക്തിയുടെ കരിയറിനെയും യശസ്സിനെയും ബാധിക്കും. കേവലം ലഘുവായ ഒന്നായി അതിനെ കരുതാന്‍ സാധിക്കില്ല. എന്റെ അഭിപ്രായത്തില്‍ പരാതിക്കാരനെ ഡിപ്പാര്‍ട്ടുമെന്റ് തലവനായി എത്രയും പെട്ടെന്ന് തിരികെ സ്ഥാപിക്കണം.””- ഹൈക്കോടതി വിധിയില്‍ ജഡ്ജി എ. മുഹമ്മദ് മുഹ്താഖ് പറഞ്ഞു.
നിസ്സാര കുറ്റത്തിന് സര്‍വകലാശാല പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ജയലിലടക്കപ്പെട്ട ദളിത് വിദ്യാര്‍ഥിയോട് സഹാനുഭൂതി പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് സെപ്തംബര്‍ ഏഴിന് ഡോ. പ്രസാദ് പന്ന്യനെ ചുമതലയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ ഉത്തരവിറക്കിയത്. പകരം ഡോ. എസ് ആഷയ്ക്ക് ചുമതല നല്‍കുകയുമായിരുന്നു.
എന്നാല്‍ അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് സര്‍വ്വകലാശാലയുടെ കൂട്ടായ താല്‍പര്യത്തിന് ഹാനിയുണ്ടാക്കുന്ന ഒന്നായല്ല കാണേണ്ടതെന്നും മറിച്ച് ആരോഗ്യകരമായ ഒരു വിമര്‍ശനമായി വേണം കൈകാര്യം ചെയ്യേണ്ടത് എന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞു.
അതേസമയം ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ഉയര്‍പ്പിടിക്കുന്ന വിധിയാണ് ഹൈക്കോടതിയുടേതെന്ന് അധ്യപകനായ പ്രസാദ് പന്ന്യന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. വ്യക്തിപരമായ സന്തോഷത്തിലുപരി അങ്ങനെയാണ് ആ വിധിയെ താന്‍ കാണാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“”ഇത് എന്റെ വ്യക്തിപരമായ ഒരു വിഷയത്തില്‍ മാത്രമുള്ള വിധിയായിട്ടല്ല തോന്നുന്നത്. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ഉയര്‍പ്പിടിക്കുന്ന വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഹെഡ് ഓഫ് ഡിപാര്‍ട്‌മെന്റ് ആയി തുടരാനോ അധികാരത്തിനോ വേണ്ടിയായിരുന്നില്ല ഞാന്‍ കേസ് കൊടുത്തത്. മറിച്ച് അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വേണ്ടി കൂടിയായിരുന്നു. അക്കാദമിക് സ്ഥാപനങ്ങള്‍ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ഒരിടമാണ് എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു””- അദ്ദേഹം പറഞ്ഞു.
കോടതി വിധി പ്രകാരം തന്നെ വീണ്ടും നിയമിക്കേണ്ടത് യൂണിവേഴ്‌സിറ്റിയാണെന്നും അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അവരാണെന്നും അധ്യാപകന്‍ പറഞ്ഞു.
മാര്‍ച്ചില്‍ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. ഗവേഷണ വിദ്യാര്‍ഥിയും അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ നേതാവുമായ നാഗരാജു സമരത്തിന് മുന്‍നിരയിലുണ്ടായിരുന്നു. വൈസ് ചാന്‍സലറും രജിസ്ട്രാറും വാര്‍ഡനും യു.ജി.സി. നിയമങ്ങള്‍ക്കെതിരായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നാഗരാജു ആരോപിച്ചിരുന്നു.
പിന്നീട് പൊതുമുതല്‍ നശിപ്പിച്ചതിന് രജിസ്ട്രാറുടെ പരാതിയില്‍ നാഗരാജുവിനെ ബേക്കല്‍ പോലീസ് അറസ്റ്റുചെയ്തു. ഇതേത്തുടര്‍ന്നാണ് നാഗരാജുവിനെ അനുകൂലിച്ച് ഓഗസ്റ്റ് 11-ന് ഡോ. പ്രസാദ് പന്ന്യന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്
നിസ്സാര കുറ്റത്തിന് ക്രിമിനല്‍ കേസെടുക്കുന്നത് അത്യന്തം വേദനാജനകമാണെന്നും പിഴയടച്ച് തീര്‍ക്കേണ്ട പ്രശ്‌നമാണ് സര്‍വകലാശാലാ അധികാരികള്‍ വിദ്യാര്‍ഥിയെ ജയിലിലടയ്ക്കുന്നതിലേക്ക് എത്തിച്ചതെന്നുമായിരുന്നു പ്രസാദ് പന്ന്യന്റെ പോസ്റ്റ്. “”നമ്മുടെ ഒരു വിദ്യാര്‍ഥി ജനല്‍ചില്ല് പൊട്ടിച്ചതിന് തടവില്‍ കഴിയുന്നതിനെ അപലപിക്കുന്നു”” എന്നും അദ്ദേഹം കുറിച്ചു. തുടര്‍ന്നാണ് സര്‍വകലാശാല പ്രസാദ് പന്ന്യനെ സസ്‌പെന്‍ഡ് ചെയ്തത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 9 ന് കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഖില്‍ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ദളിത് ഗവേഷക വിദ്യാര്‍ത്ഥി നാഗരാജിനെ പൊലീസിലേല്‍പ്പിച്ച സര്‍വകലാശാലയുടെ നടപടിയില്‍ പ്രതിഷേധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു അഖിലിനെയും പുറത്താക്കിയത്. ഇതിന് പി്ന്നാലെ കോളേജിന് സമീപമുള്ള കെട്ടിടത്തില്‍ കയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ അഖിലിനെ കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു അഖിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഖിലിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വലിയ വിദ്യാര്‍്ത്ഥി പ്രക്ഷോഭം തന്നെ കോളേജില്‍ നടന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു അഖിലിനെ തിരിച്ചെടുക്കാന്‍ അധികൃതര്‍ തയ്യാറായത്.