[] കൊച്ചി: മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി. അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ചലച്ചിത്ര അക്കാദമിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.
സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ വെള്ളിയാഴ്ച നല്‍കാനിരിക്കെയാണ് കോടതി നടപടി. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കിയതുമായി ബന്ധപ്പെട്ട് നടന്‍ സലിം കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം, പുരസ്‌കാര ദാന ചടങ്ങ് സ്റ്റേ ചെയ്യണമെന്ന സലിം കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി.
സുദേവന്‍ സംവിധാനം ചെയ്ത “ക്രൈം നമ്പര്‍-89” എന്ന ചിത്രത്തിനാണ് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. അവാര്‍ഡിന് പരിഗണിച്ച 155 ചിത്രങ്ങളും ശരിയായി വിലയിരുത്താതെയാണ് ജൂറി അവാര്‍ഡ് നിര്‍ണയിച്ചിരിക്കുന്നതെന്നാണ് സലിം കുമാറിന്റെ വാദം. സലിംകുമാര്‍ നിര്‍മ്മിച്ച “മൂന്നാംനാള്‍ ഞായറാഴ്ച” എന്ന ചിത്രവും അവാര്‍ഡിന് പരിഗണിച്ചിരുന്നു.
കൊള്ളസംഘം പോലെയാണ് ജൂറി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും മോശം അവാര്‍ഡുകളില്‍പ്പെട്ട ഒന്നായി മാറിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡെന്നും അതിന്റെ വിശ്വാസ്യത ഇല്ലാതായിരിക്കുന്നുവെന്നും സലിം കുമാര്‍ ആരോപിച്ചു.
അതേസമയം വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സംസ്ഥാന ചലചിത്ര അവാര്‍ഡ് ദാന ചടങ്ങിന് മാറ്റമില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്‌നാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.