| Wednesday, 21st November 2018, 2:33 pm

ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്തിന്? കോടതിയില്‍ വിശദീകരണവുമായി ഐ.ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമലയില്‍ യഥാര്‍ത്ഥ വിശ്വാസികളെ പ്രതിഷേധക്കാര്‍ തടഞ്ഞ സാഹചര്യത്തിലാണ് സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയതെന്ന് ഹൈക്കോടതിയില്‍ ഐ.ജി. നിരോധനാജ്ഞ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ സര്‍ക്കാറിനോട് രാവിലെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഐ.ജി വിജയ് സാക്കറെയുടെ വിശദീകരണം.

പമ്പയിലും സന്നിധാനത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെതിരെയും വിശ്വാസികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെയും സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി ഇതുസംബന്ധിച്ച് സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടത്.

Also Read:കോടിയേരിക്ക് സമനിലതെറ്റിയെന്ന് രാജ്‌നാഥ് സിങ്ങ്: ആര്‍.എസ്സ്.എസ്സിനെ ഖാലിസ്താനുമായി താരതമ്യം ചെയ്തതിന് മറുപടി

ചിത്തിര ആട്ടവിശേഷ സമയത്തും തുലാമാസ പൂജാ സമയത്തും ശബരിമലയില്‍ നട തുറന്ന വേളയില്‍ സംഘര്‍ഷങ്ങള്‍ അരങ്ങേറിയ സാഹചര്യത്തില്‍ മണ്ഡല പൂജാ സമയത്തും സംഘര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പു ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. വിശ്വാസികള്‍ക്ക് ശബരിമലയില്‍ നിരോധനാജ്ഞ ബാധകമല്ലെന്നും ഐജി വ്യക്തമാക്കി.

ശബരിമലയില്‍ ചില പൊലീസുകാര്‍ നിയമം കയ്യിലെടുത്തെന്ന് കോടതി കുറ്റപ്പെടുത്തി. മുംബൈയില്‍ നിന്നുവന്ന അയ്യപ്പഭക്തര്‍ എന്തുകൊണ്ട് തിരിച്ചുപോയെന്നും കോടതി ചോദിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നിയമപരമായാണോ നടപ്പിലാക്കിയതെന്നും കോടതി ചോദിച്ചു.

ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെയാണ് കാര്യങ്ങള്‍ എങ്കില്‍ അംഗീകരിക്കുന്നു. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്നും കോടതി നിരീക്ഷിച്ചു. വിശ്വാസികളില്‍ പൊലീസ് നടപടി ഭീതിയുളവാക്കുന്നെന്നും കോടതി അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more