കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണം നിലച്ചോയെന്ന് ഹൈക്കോടതി
Daily News
കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണം നിലച്ചോയെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th July 2014, 3:30 pm

[] കൊച്ചി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണം നിലച്ചോയെന്ന് ഹൈക്കോടതി. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ വെള്ളിയാഴ്ച്ച സമര്‍പ്പിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

കുട്ടികളെ ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്ന് ഹൈക്കോടതി ചോദിച്ചു. കുട്ടികളെ കൊണ്ടുവന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഓര്‍ഫനേജ് അസോസിയേഷന് അമിത ഉത്കണ്ഠയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടു വന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ മറുപടി. മുക്കം, വെട്ടത്തൂര്‍ അനാഥശാലകളില്‍നിന്ന് കണ്ടെത്തിയ രേഖകള്‍ വ്യാജമാണെന്ന് അമിക്കസ് ക്യൂറി കണ്ടെത്തിയിരുന്നു.

കുട്ടികളെ അനുഗമിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് അന്വേഷിക്കണമെന്നും കുട്ടികളെ എന്തിന് കൊണ്ടു വന്നു എന്ന കാര്യം ഇപ്പോഴും ദുരൂഹമാണെന്നും അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടികളെ കൊണ്ടു വരുമ്പോള്‍ പാലിക്കേണ്ട ബാലനീതി നിയമങ്ങള്‍ പോലും അധികൃതര്‍ പാലിച്ചിട്ടില്ല. സംഭവത്തില്‍ മറ്റൊരു ഏജന്‍സി അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചു.