ആറന്മുള: കെ.ജി.എസ് നികത്തിയ ഭൂമി പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ഹൈകോടതി
Daily News
ആറന്മുള: കെ.ജി.എസ് നികത്തിയ ഭൂമി പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ഹൈകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th June 2014, 6:59 pm

kerala-hc[] കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതിക്കായി കെ.ജി.എസ് ഗ്രൂപ്പ് മണ്ണിട്ട് നികത്തിയ തോടും ചാലും പുനസ്ഥാപിക്കണമെന്ന് ഹൈകോടതി. റണ്‍വേയുടെ മധ്യഭാഗത്തെ 6.34 ഏക്കര്‍ ഭൂമി പൂര്‍വസ്ഥിതിയിലാക്കണമെന്നാണ്് കോടതി നിര്‍ദേശം.

ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് ഒരു മാസത്തിനകം നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തിന് നിയമപരമായ നിരോധനം ഉള്ളതിനാലാണ് സര്‍ക്കാര്‍ പദ്ധതിയുമായി സഹകരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആറന്മുള വിമാനത്താവളത്തിനുള്ള കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി കഴിഞ്ഞ മാസം ദേശീയ ഹരിത ട്രിബ്യൂണല്‍ റദ്ദ് ചെയ്തിരുന്നു. അതേ സമയം ആറന്‍മുള വിമാനത്താവള പദ്ധതിക്കായി പുതിയ പാരിസ്ഥിതിക പഠനം നടത്താന്‍ തയാറാണെന്ന് കെ.ജി.എസ് ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.

ഗ്രീന്‍ ട്രിബ്യൂണല്‍ വിധിയെ മാനിക്കുന്നുവെന്നും നിയമപരമായ മാര്‍ഗത്തിലൂടെ പരിഹാരം കാണുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. രണ്ടുമാസത്തിനുള്ളില്‍ എല്ലാ അനുമതിയും നേടിയെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെ.ജി.എസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജിജി ജോര്‍ജ് പറഞ്ഞു.