| Friday, 22nd July 2022, 4:21 pm

പരീക്ഷ എഴുതാന്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് ഇടക്കാല ജാമ്യം; ഹാജരില്ലാതെ ഹാള്‍ ടിക്കറ്റ് നല്‍കിയെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: റിമാന്‍ഡില്‍ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പി.ജി പരീക്ഷകള്‍ എഴുതാനായി 12 ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്.

കോളേജില്‍ നിന്ന് ഹാള്‍ ടിക്കറ്റ് കിട്ടിയ സാഹചര്യത്തില്‍ പരീക്ഷ എഴുതട്ടെ എന്ന് കോടതി പറഞ്ഞു. ഈ മാസം 23 മുതല്‍ 28 വരെയാണ് പരീക്ഷ. എറണാകുളം ജില്ലയില്‍ പരീക്ഷ എഴുതാന്‍ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളൂ എന്നും കോടതി നിര്‍ദേശിച്ചു.

എറണാകുളം മഹാരാജാസ് കോളേജില്‍ ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ സ്റ്റഡീസ് ഇന്റഗ്രേറ്റഡ് പി.ജി വിദ്യാര്‍ത്ഥിയാണ് ആര്‍ഷോ.

അതേസമയം, ആര്‍ഷോയ്ക്ക് ജാമ്യം ലഭിക്കാന്‍ കോളേജ് അധികൃതര്‍ ചട്ടവിരുദ്ധമായി ഹാള്‍ ടിക്കറ്റ് അനുവദിക്കുകയായിരുന്നെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

ആര്‍ഷോ ഒരു ദിവസം പോലും ക്ലാസില്‍ ഹാജരായില്ലെന്നും അതുകൊണ്ട് തന്നെ പരീക്ഷ എഴുതാന്‍ അര്‍ഹതയില്ലെന്നും, ജ്യാമ്യം കിട്ടാനായി ഹാള്‍ ടിക്കറ്റ് ചട്ടവിരുദ്ധമായി അനുവദിക്കുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാനാണ് പരാതി നല്‍കിയത്. ഇടക്കാല ജാമ്യം കിട്ടിയെങ്കിലും പരാതിയുമായി മുന്നോട്ട് പോകുമെന്ന് ഷാജഹാന്‍ വ്യക്തമാക്കി.

എന്നാല്‍, ചട്ടവിരുദ്ധമായി തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും, ഹാജരുണ്ടായിരുന്ന സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷ എഴുതാനാണ് ഹാള്‍ ടിക്കറ്റ് അനുവദിച്ചതെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.

ഈ മാസം 12-ന് ആര്‍ഷോ നല്‍കിയ ജാമ്യ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ഹരജി നല്‍കുകയായിരുന്നു.

വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ അറസ്റ്റിലായ ആര്‍ഷോയ്ക്ക് നേരത്തേ കോടതി ജാമ്യം നല്‍കിയിരുന്നു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു.

ഈ സമയത്താണ് ആര്‍ഷോ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെടുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ആര്‍ഷോ വീണ്ടും അറസ്റ്റിലാവുന്നത്.

Content Highlight: High Court of Kerala grants interim bail to SFI state secretary PM Arsho

We use cookies to give you the best possible experience. Learn more